തിരുവനന്തപുരം : കോണ്‍ഗ്രസില്‍ ജംബോകമ്മറ്റികളുടെ കാലം കഴിയുന്നു. കെപിസിസിയില്‍ ഭാരവാഹികളടക്കം 51 അംഗ കമ്മറ്റി എന്ന ധാരണയിലെത്തി. ഇനിമുതല്‍ 15 സെക്രട്ടറിമാര്‍ മാത്രമായിരിക്കും ഉണ്ടാവുക വനിതകള്‍ക്കും എസ്.സി,എസ്‌ടി വിഭാഗങ്ങള്‍ക്കും പത്ത് ശതമാനം വീതം സംവരണം ഉറപ്പാക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു.
ജില്ലാതലത്തില്‍ അച്ചടക്ക സമിതികളും, സംസ്ഥാന തലത്തില്‍ അപ്പീല്‍ കമ്മറ്റികളും നിലവില്‍ വരും. ഗുരുതര ആരോപണങ്ങള്‍ക്കു വിധേയരായ നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവും. കോണ്‍ഗ്രസിന്റെ ഏറ്റവും താഴെത്തട്ടിലുളള ഘടകമായി 30-50 വീടുകളെ ഉള്‍പ്പെടുത്തി അയല്‍ക്കൂട്ടം കമ്മറ്റികള്‍ രൂപീകരിക്കും.. രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കാന്‍ കെപിസിസി പൊളിറ്റിക്കല്‍ സ്‌കൂള്‍ തുറക്കും. അച്ചടക്ക ലംഘനം വച്ചുപൊറുപ്പിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
മെറിറ്റിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഭാരവാഹികളെ നിശ്ചയിക്കുക. കെപിസിസിക്ക് സമാനമായ രീതിയില്‍ ജില്ലാ കമ്മറ്റികള്‍ പുനസംഘടിപ്പിക്കും. കാസര്‍കോട്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഭാരവാഹികളുടെ എണ്ണം പരിമിതപ്പെടുത്തും. നിയമസഭാ തെരതെരഞ്ഞെടുപ്പ തോല്‍വി പഠിക്കാന്‍ അഞ്ച് മേഖലാ കമ്മറ്റികള്‍ക്കും രൂപം നല്‍കുമെന്നും കെ സുധാകരന്‍ പറഞ്ഞു.