തിരുവനന്തപുരം: കുട്ടികളുടെ ഹോർത്തൂസ് മലബാറിക്കൂസ് പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ. ബി. ഇക്ബാൽ രചിച്ച കുട്ടികളുടെ ഹോർത്തൂസ് മലബാറിക്കൂസ് എന്ന പുസ്തകം തിരുവനന്തപുരം സംസ്‌കൃതകോളേജ് കാമ്പസിലെ മരച്ചുവട്ടിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്തു. കേരളത്തിലെ സസ്യശാസ്ത്രത്തിനെപ്പറ്റി ആദ്യമായി എഴുതപ്പെട്ട പുസ്തകമാണ് 12 വാല്യമുള്ള ഹോർത്തൂസ് മലബാറികൂസ് എന്ന അമൂല്യഗ്രന്ഥം. ഇംഗ്ലീഷ്, മലയാളം, അറബി, സംസ്‌കൃതം ലിപികളിൽ സസ്യനാമങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള ഈ പുസ്തകം കേരളത്തിൽ അന്നു ലഭ്യമായ ഔഷധസസ്യങ്ങളുടെ സവിശേഷതകൾ, അവയുടെ ഉപയോഗം എന്നിവയെക്കുറിച്ചുള്ള അറിവു നൽകും. ലത്തീൻഭാഷയിൽ അന്നത്തെ ഡച്ച് ഗവർണ്ണറായിരുന്ന ഹെൻറിക് വാൻറീഡ് രചിച്ച ഈ പുസ്തകത്തിന് മലയാള പരിഭാഷയും ഇംഗ്ലീഷ് പരിഭാഷയും നിർവഹിച്ചത് കാലിക്കറ്റ് സർവകലാശാലയിലെ പ്രൊഫസറായിരുന്ന കെ എസ് മണിലാലാണ്.

754 ചെടികളുടെ വിവരങ്ങൾ ഈ കൃതിയിലുണ്ട്. അവയിൽ 650 എണ്ണത്തിന്റെ ഔഷധമൂല്യവും. ഈ പുസ്തകത്തിന്റെ സംക്ഷിപ്തരൂപമാണ് കുട്ടികളുടെ ഹോർത്തൂസ് മലബാറികൂസ്. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന മാളവിക തമ്പി പുസ്തകം ഏറ്റുവാങ്ങി. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അധ്യക്ഷനായിരുന്നു. ഭരണസമിതി അംഗം ജി രാധാകൃഷ്ണൻ, ഫിനാൻസ് ഓഫീസർ ജി ഇന്ദു, ഡോ. അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →