തിരുവനന്തപുരം : ഇപ്പോള്‍ കേരളത്തില്‍ പീഡന മരണങ്ങളുമാണ് ചര്‍ച്ചയാവുന്നത്. ശാസ്‌താംകോട്ടയില്‍ വിസ്മയയുടെ മരണത്തിന് പിന്നാലെ സ്ത്രീധനവും ഇതു മൂലമുള്ള പീഡനങ്ങളും കേരളത്തില്‍ ചര്‍ച്ചയാകുന്നത് .. പോലീസിന്റെ ക്രൈം റെക്കോര്‍ഡ് പ്രകാരം സ്ത്രീധന പീഡനത്തിന്റെ പേരില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 66 സ്ത്രീകളാണ് മരിച്ചത്. 2016-ല്‍ മാത്രം മരിച്ചത് 25 സ്ത്രീകളാണ്. 2017ല്‍ 12 പേരും 2018ല്‍ 17 പേരും 2019-ലും 2020-ലും ആറ് പേര്‍ വീതവുമാണ് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മരിച്ചത്.
ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ വിസ്മയ എന്ന പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ജയറാം. വിസ്മയയുടെ ചിത്രത്തിനൊപ്പം ഇന്ന് നീ നാളെ എന്റെ മകള്‍ എന്ന കുറിപ്പോടെയാണ് ജയറാമിന്റെ പ്രതികരണം.
തിങ്കളാഴ്ചയാണ് വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്സംഭവത്തില്‍ ഭര്‍ത്താവും വാഹനവകുപ്പ് ഉദ്യോഗസ്ഥനുമായ കിരണിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നേരത്തെ സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് വിസ്മയയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
നൂറ് പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നത്.
എന്നാല്‍ കാറ് ഇഷ്ടപ്പെടാഞ്ഞതോടെയാണ് വിസ്മയയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചു തുടങ്ങിയതെന്നാണ് വിസ്മയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്. കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു കിരണിന്റെ ആവശ്യമെന്നും എന്നാല്‍ സിസിയിട്ട് വാങ്ങിയ കാറായതുകൊണ്ട് വില്‍ക്കാന്‍ കഴിയില്ലെന്ന് മകളോട് പറയാന്‍ പറഞ്ഞുവെന്നും പിതാവ് പറഞ്ഞിരുന്നു.
കഴിഞ്ഞദിവസം വിസ്മയ ബന്ധുവിന് അയച്ച വാട്‌സ്‌ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്നായിരുന്നു വിസ്മയയുടെ സന്ദേശം.
ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും അയച്ചുനല്‍കിയിരുന്നു. ഈ സന്ദേശം ലഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധന പീഡന പരാതി ഉയര്‍ന്നതോടെ വിഷയത്തില്‍ വനിത കമ്മീഷനും ഇടപെട്ടിട്ടുണ്ട്. വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്.പിയോട് റിപ്പോര്‍ട്ട് തേടി.അതേസമയം വിസ്മയ മരിക്കുന്നതിന്റെ തലേദിവസം വഴക്കുണ്ടായിരുന്നെന്ന് ഭര്‍ത്താവ് കിരണ്‍ സമ്മതിച്ചു. എന്നാല്‍ അന്ന് മര്‍ദ്ദിച്ചിട്ടില്ലെന്നും കിരണ്‍ പറഞ്ഞു. സ്ത്രീധനമായി ലഭിച്ച കാറിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നെന്നും കിരണ്‍ മൊഴി നല്‍കിയിട്ടുണ്ട്.