വീട്‌ കയറി അക്രമിച്ചതായി പരാതി

മടവൂര്‍; വ്യാജ മദ്യ വാറ്റ്‌ സംഘം വീട്ടില്‍ കയറി അക്രമിച്ചതായി പരാതി. മടവൂര്‍ സീമന്തപുരം ഗിരിജാ ഭവനില്‍ ബെന്‍സി ലാലി(45)നും കുടുംബത്തിനുമാണ്‌ ആക്രമണമുണ്ടായത്‌. വ്യാജ മദ്യ വില്‍പ്പനയും വാറ്റും നടത്തുന്ന സംഘത്തെക്കുറിച്ച്‌ പോലീസിലും എക്‌സൈസിലും അറിയിച്ചെന്ന്‌ ആരോപിച്ചാണ്‌ ആക്രമണം നടത്തിയതെന്നാണ്‌ പരാതി .പരാതിയുടെ അടിസ്ഥാനത്തില്‍ ഷിന്‍സ്‌, ബിന്‍സ്‌, ശബരിനാഥ്‌ എന്നിവര്‍ക്കതിരെ പോലീസ്‌ കേസെടുത്തു.

കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെ മൂന്നംഗ സംഘം മാരകായുധങ്ങളുമായി വീട്ടില്‍ കയറി അക്രമം നടത്തുകയായിരുന്നു, മൂര്‍ച്ചയുളള ആയുധം കൊണ്ട്‌ വെട്ടി പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചു, ഭാര്യയേയും ഒരുവയസുളള കുട്ടിയേയും ഉപദ്രവിച്ചതായും പരാതിയിലുണ്ട്‌. പ്രദേശത്ത്‌ മദ്യ വില്‍പ്പനയും വാറ്റും നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ പോലീസ്‌ സ്ഥലത്ത്‌ പരിശോധന നടത്തിയിരുന്നു. മദ്യം വാറ്റിയ കേസില്‍ കഴിഞ്ഞ മാസം ഒരാളെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. ഇതിനെ തുടര്‍ന്നുളള വൈരാഗ്യത്തിലാണ്‌ സംഘാംഗങ്ങളായ മൂന്നുപേര്‍ ചേര്‍ന്ന്‌ വീട്ടില്‍ കയറി അക്രമിച്ചതെന്ന്‌ പളളിക്കല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സീമന്തപുരം കാരുണ്യട്രസ്റ്റിന്റെ ആംബുലന്‍സിനും ഡ്രൈവര്‍ സുധിക്കും നേരെ സംഘം ആക്രമണം നടത്തിയിരുന്നു . ആ സമയം സ്ഥലത്തുണ്ടായിരുന്ന ബെന്‍സിലാല്‍ സുധിക്കെതിരെയുളള ആക്രമണം തടഞ്ഞിരുന്നു. ഇതുസംബന്ധിച്ചും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്‌.

Share
അഭിപ്രായം എഴുതാം