29 റോഡ്‌ പുനർനിർമിക്കുന്നു ; 3824.16 കോടി രൂപയുടെ 24 റോഡിന്റെ നിർമാണം തുടങ്ങി

തിരുവനന്തപുരം:കേരള പുനർനിർമാണ പദ്ധതിയിൽ 5253.22 കോടിരൂപ ചെലവിൽ 29 റോഡ്‌ പുനർനിർമിക്കുന്നു. 733.81 കിലോമീറ്റർ ദൈർഘ്യമുള്ള സംസ്ഥാന, ജില്ലാ പാതകളാണ്‌ റീബിൽഡ്‌ കേരള ഇനിഷ്യേറ്റീവിന്റെ (ആർകെഐ) ഫണ്ടുപയോഗിച്ച്‌ പൊതുമരാമത്ത്‌ വകുപ്പിന്‌ കീഴിലെ കെഎസ്‌ടിപി അത്യാധുനിക രീതിയിൽ നിർമിക്കുന്നത്‌. 3824.16 കോടിരൂപയുടെ 24 റോഡിന്റെ നിർമാണം തുടങ്ങി. പാലക്കാട്‌ നെന്മാറ–-നെല്ലിയാമ്പതി, തിരുവനന്തപുരം നെടുമങ്ങാട്‌–-പൊന്മുടി ഉൾപ്പെടെ അഞ്ചെണ്ണത്തിന്റെ ടെൻഡർ നടപടി പുരോഗമിക്കുന്നു.


ലോകബാങ്കും ജർമൻബാങ്കായ കെഎഫ്‌ഡബ്ല്യുയും ആർകെഐക്ക്‌ നൽകിയ വിദേശസഹായം ഉപയോഗിച്ചാണ്‌ നിർമാണം. പൊതുമരാമത്ത്‌ വകുപ്പിന്റെയും മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ്‌ നിർമാണ പദ്ധതിയിലുമുള്ള പുനർനിർമാണത്തിന്‌ പുറമെയാണിത്‌. 2018ലെ മഹാപ്രളയത്തിൽ പൂർണമായും തകർന്നതും വെള്ളത്തിൽ മുങ്ങിയതുമായ 12 ജില്ലയിലെ 31 റോഡാണ്‌ പൊതുമരാമത്ത്‌ വകുപ്പ്‌ ആർകെഐക്ക്‌ കൈമാറിയത്‌. വിശദമായ പരിശോധനയ്‌ക്കുശേഷം ഇതിൽ 29 റോഡ്‌ ‘റീബിൽഡ്‌ കേരള ഡെവലപ്‌മെന്റ്‌ പ്രോഗ്രാമി’ലൂടെ ഏറ്റെടുക്കുകയായിരുന്നു.

ഇന്ത്യൻ റോഡ്‌ കോൺഗ്രസിന്റെ മാനദണ്ഡപ്രകാരം പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന തരത്തിലാണ്‌ റോഡിന്റെ രൂപകൽപ്പന. റോഡിന്റെ അരിക്‌ അടക്കം സംരക്ഷിക്കുന്ന ബയോ എൻജിനീയറിങ്‌ സംവിധാനവും ആധുനിക രീതിയിലുള്ള അഴുക്കുചാലുമുണ്ട്‌. വളവുകൾ നിവർത്തും. താഴ്‌ന്ന ഭാഗം ഉയർത്തും. വെള്ളംകയറുന്ന ഭാഗങ്ങളിൽ ആകാശ പാത നിർമിക്കും. ആലപ്പുഴ–-ചങ്ങനാശേരി റോഡ്‌ ഈ രീതിയിലാകും. എല്ലാ റോഡുകൾക്കും നൂറു വർഷമെങ്കിലും ആയുസ്സുണ്ടാകും. അഞ്ച്‌ വർഷത്തെ അറ്റകുറ്റപ്പണിയും കരാറിന്റെ ഭാഗമാണ്‌.

Share
അഭിപ്രായം എഴുതാം