ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെ കൊവാക്‌സിന്‍ നല്‍കുന്നത് ഏറ്റവും മികച്ച പ്രതിരോധമാണെന്ന് ഭാരത് ബയോടെക്. കൊവാക്‌സിന്റെ മൂന്നാം ഘട്ട ട്രയല്‍ ഡാറ്റ ജൂലൈയില്‍ പ്രസിദ്ധീകരിക്കുമെന്നും 12/06/21 ശനിയാഴ്ച കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഇത് പ്രസിദ്ധീകരിച്ചതിന് ശേഷം പൂര്‍ണമായ ലൈസന്‍സിനായി ഭാരത് ബയോടെക് അപേക്ഷിക്കും.
സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന് ആകും മൂന്നാം ഘട്ട ട്രയല്‍ ഡാറ്റ ആദ്യം സമര്‍പ്പിക്കുന്നത്. ഇതിന് ശേഷമായിരിക്കും ഇവ പ്രസിദ്ധീകരിക്കുന്നത്.
കൊവാക്‌സിനും കൊവിഷീല്‍ഡും തമ്മിലുള്ള താരതമ്യം ശക്തമാകുന്നതിനിടെയാണ് കൊവാക്‌സിന്റെ പുതിയ നീക്കം. രണ്ട് വാക്‌സിനുകളും വ്യത്യസ്തമായ രീതിയില്‍ നിര്‍മ്മിച്ചതിനാല്‍ അവയെ തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് നേരത്തെ കേന്ദ്രവും വ്യക്തമാക്കിയിരുന്നു. കൊവാക്‌സിനെ അപേക്ഷിച്ച് കൊവിഷീല്‍ഡ് വൈറസിനെതിരെ കൂടുതല്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുമെന്നായിരുന്നു പഠനം. ഈ താരതമ്യ പഠനത്തെയും ഭാരത് ബയോടെക് തള്ളി. ഇത് ശാസ്ത്രീയമായ നടത്തിയ പഠനമല്ലെന്നും, കൃത്യമായ കണക്കുകളോ രേഖകളോ ഇല്ലാതെ പുറത്തിറക്കിയ വിവരമാണെന്നും, താത്കാലിക വിശകലനം മാത്രമാണ് നടത്തിയിരിക്കുന്നതെന്നും കമ്പനി പറഞ്ഞു.
കൊവാക്‌സിന്റെ ഫലപ്രാപ്തിയെ കുറിച്ച് കൂടുതല്‍ വ്യക്തമാക്കുന്നതിനായി നാലാം ഘട്ട ക്ലിനിക്കല്‍ ട്രയലും നടത്തുന്നുണ്ട്. അടിയന്തര ഉപയോഗത്തിന് വേണ്ടി വരുന്ന അവശ്യഘടകങ്ങള്‍ എല്ലാം കൊവാക്‌സിന്‍ പാലിച്ചിട്ടുണ്ടെന്നും ഭാരത് ബയോടെക് വ്യക്തമാക്കി.



