പാലക്കാട്: കോവിഡ് 19, മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍: ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു

പാലക്കാട്: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ / മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ എന്നിവ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടർ മൃൺമയി ജോഷിയുടെ അധ്യക്ഷതയില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു.

പ്രതിദിനം കുറഞ്ഞത് 10000 കോവിഡ് പരിശോധന നടത്താൻ നിർദേശം

ജില്ലയിൽ പ്രതിദിനം ഏറ്റവും കുറഞ്ഞത് 10000 കോവിഡ് പരിശോധനയെങ്കിലും നടത്തണമെന്ന് ജില്ലാ കലക്ടര്‍  ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.3 ശതമാനമാണെന്നും 10 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ടി.പി.ആർ 30 ശതമാനത്തിന് മുകളിലാണെന്നും ഡെപ്യൂട്ടി.ഡി.എം.ഒ യോഗത്തിൽ  അറിയിച്ചു. ജില്ലയിലെ ആകെ കണക്കെടുക്കുമ്പോള്‍ രോഗ വ്യാപന നിരക്ക് കുറഞ്ഞു വരുന്നുണ്ടെങ്കിലും നിലവിൽ പൂർണമായി അടച്ചിട്ടുള്ള  പ്രദേശങ്ങളിൽ കര്‍ശന നിയന്ത്രണങ്ങള്‍ തുടരാനും യോഗത്തിൽ തീരുമാനമായി.

ജില്ലയിലെ ഡാമുകൾ നിലവിൽ സുരക്ഷിതം 

ജില്ലയിലെ ഡാമുകളുടെ നിലവിലെ റൂള്‍ കര്‍വ്വ് അനുസരിച്ച് എല്ലാ ഡാമുകളും സുരക്ഷിതമാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ അറിയിച്ചു. മണ്‍സൂണ്‍ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ ഡാമുകളുടെ നിലവിലെ ജല നിരപ്പ്, റൂള്‍ കര്‍വ്, എമര്‍ജന്‍സി ആക്ഷന്‍ പ്ലാന്‍ എന്നിവ വിശദീകരിക്കാൻ എക്സിക്യുട്ടീവ് എഞ്ചിനീയര്‍മാരോട് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടിരുന്നു. എമര്‍ജന്‍സി ആക്ഷന്‍ പ്ലാനുകള്‍ തയ്യാറാക്കി ഡാമുകള്‍ നിലനില്‍ക്കുന്ന സ്ഥലങ്ങളിലെ തഹസില്‍ദാര്‍മാര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍, വില്ലേജ് ഓഫീസര്‍മാര്‍, ഫയര്‍& റെസ്ക്യൂ ഓഫീസര്‍മാര്‍, ബന്ധപ്പെട്ടവരുമായുള്ള യോഗം വെള്ളി, ശനി ദിവസങ്ങളിലായി ചേരാൻ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

ഡാമുകള്‍ തുറക്കേണ്ട സാഹചര്യം വരുകയാണെങ്കില്‍ അതിര്‍ത്തി ജില്ലകളുമായും, തമിഴ്നാട് സര്‍ക്കാരുമായും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായും വൈദ്യുതി വകുപ്പ് ഡെ. ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ പോലീസ് മേധാവി ആര്‍.വിശ്വനാഥ്, എ.ഡി.എം എന്‍.എം മെഹറലി, ഡെപ്യൂട്ടി.ഡി.എം.ഒ (ആരോഗ്യം) ഡോ. അനൂപ്, ജില്ലാ ഫയര്‍ ഓഫീസര്‍, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍, മലമ്പുഴ, ചിറ്റൂര്‍, കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാർ എന്നിവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →