തിരുവനന്തപുരം:അംഗീകാരമില്ലാത്ത സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിനായി അംഗീകാരമുളള സ്കൂളുകളില്‍ പ്രവേശനം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. അംഗീകാരം ഇല്ലാത്ത സ്കൂളുകളില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2മുതല്‍ 10 വരെയുള്ള ക്ലാസ്സുകളില്‍ പ്രവേശനം സാധ്യമാകുന്നതിനുളള അനുമതി നല്‍കിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സര്‍ക്കാര്‍ അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകൃതമായ വിടുതല്‍ സര്‍ട്ടിഫിക്കറ്റിന്റെ അഭാവത്തില്‍ തുടര്‍പഠനം മുടങ്ങുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കുട്ടികളുടെ തുടര്‍പഠനം സാധ്യമാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആവശ്യപ്പെട്ടിരുന്നു.ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ 09/06/21 ബുധനാഴ്ച ഉത്തരവിറക്കിയത്.
അംഗീകാരമില്ലാത്ത സ്കൂളുകളില്‍ 1 മുതല്‍ 9 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് തുടര്‍പഠനം സാധ്യമാക്കുന്നതിനായി അംഗീകാരമുളള സ്കൂളുകളില്‍ 2 മുതല്‍ 8 വരെ ക്ലാസ്സുകളില്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ് അടിസ്ഥാനത്തിലും, 9,10 ക്ലാസ്സുകളില്‍ വയസ്സിന്റെയും ഒരു പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും 2021-22 അദ്ധ്യയന വര്‍ഷം പ്രവേശനം നല്‍കുന്നതിനുള്ള അനുമതിയാണ് സര്‍ക്കര്‍ നല്‍കിയിട്ടുള്ളത്

