ബ്ലഡ് മണി നല്‍കി യുവാവിനെ വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്തിയത് ശ്രദ്ധ നേടാനല്ലെന്ന് വ്യവസായി എംഎ യൂസഫലി

കൊച്ചി: യുഎഇയില്‍ മലയാളി യുവാവിനെ ബ്ലഡ് മണി നല്‍കി വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്തിയത് ശ്രദ്ധ നേടാനല്ലെന്ന് വ്യവസായി എംഎ യൂസഫലി. വധശിക്ഷയില്‍ നിന്നും രക്ഷപ്പെടുത്തിയ ബെക്‌സ് കൃഷണന്റെ കാര്യത്തില്‍ വര്‍ഷങ്ങളായി നടത്തുന്ന നടത്തുന്ന പരിശ്രമമാണെന്നും ആദ്യം ഘട്ടത്തില്‍ പണം സ്വീകരിക്കാതിരുന്ന മരിച്ച സുഡാനി കുട്ടിയുടെ കുടുംബം പിന്നീട് സമ്മതമറിയിച്ച ശേഷം കഴിഞ്ഞ ജനുവരിയിലാണ് പണം കെട്ടിവെച്ചതെന്നും യൂസഫലി 09/06/21 ബുധനാഴ്ച പറഞ്ഞു. നിലവില്‍ നാട്ടില്‍ കുടുംബത്തോടൊപ്പമുള്ള ബെക്‌സ് കൃഷ്ണന് ഗള്‍ഫില്‍ തന്നെ ജോലി ശരിയാക്കിക്കൊടുക്കുമെന്നും എംഎ യൂസഫലി പറഞ്ഞു.

മനുഷ്യ ജീവനെ പണം കൊണ്ടളക്കാനാവില്ലെന്നും മനുഷ്യന്‍ മനുഷ്യനെയാണ് സഹായിക്കേണ്ടെതന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും എംഎ യൂസഫലി പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ ബ്ലഡ് മണി വാങ്ങാന്‍ കൊല്ലപ്പെട്ട സുഡാനി കുട്ടിയുടെ കുടുംബം തയ്യാറായില്ലെന്നും ഒടുവില്‍ സാഹചര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയാണ് കുടുംബത്തെ സമ്മതിപ്പിച്ചതെന്നും യൂസഫലി പറയുന്നു. കുടുംബത്തോടൊപ്പം കുറച്ചു മാസം നാട്ടില്‍ കഴിഞ്ഞ ശേഷം ബെക്‌സ് കൃഷ്ണന് ഗള്‍ഫ് രാജ്യങ്ങളിലെവിടെയെങ്കിലും ജോലി ശരിയാക്കിക്കൊടുക്കുമെന്നും യൂസഫലി പറഞ്ഞു.

2012 സെപ്റ്റംബര്‍ ഏഴിനാണ് തൃശൂര്‍ സ്വദേശിയായ ബെക്‌സ് കൃഷ്ണന്റെ ജീവിതം മാറിമറിഞ്ഞ സംഭവം ഉണ്ടാകുന്നത്. തൃശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട സ്വദേശിയായ ബെക്‌സ് അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. 2012 സെപ്റ്റംബര്‍ ഏഴിന് ബെക്‌സ് ഓടിച്ച ട്രെക്ക് ഇടിച്ച് സുഡാന്‍ സ്വദേശിയായ ബാലന്‍ കൊല്ലപ്പെട്ടു. അന്വേഷണത്തില്‍ ബെക്‌സിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച്ചയുണ്ടായെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളും ബെക്‌സിന് പ്രതികൂലമായി.

കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുന്ന യുഎഇ നിയമപ്രകാരം ബെക്‌സിനെ വധശിക്ഷയ്ക്ക് വിധിച്ചു. അപകടം മനപൂര്‍വ്വമായി ഉണ്ടാക്കിയതല്ലെന്ന് ബെക്‌സിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും യാതൊരു ഫലവുണ്ടായില്ല. മരിച്ച സുഡാന്‍ ബാലന്റെ കുടുംബം മാപ്പ് നല്‍കുക മാത്രമായിരുന്നു ബെക്‌സിന് ശിക്ഷ ഒഴിവാക്കാനുള്ള ഏക മാര്‍ഗം. ആദ്യഘട്ടത്തില്‍ നടന്ന ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടതോടെ ബെക്‌സിന്റെ സര്‍വ്വ പ്രതീക്ഷയും അസ്തമിച്ചു. ഇതിനിടെ അവസാന മാര്‍ഗമെന്നോണം ലുലു ഗ്രൂപ്പ് ഉടമ എംഎ യുസഫലിയോട് സഹായം അഭ്യര്‍ത്ഥിച്ച് ബെക്‌സിന്റെ കുടുംബം രംഗത്തുവന്നു.

ബെക്‌സിന്റെ വിഷയത്തില്‍ ഇടപെടാമെന്ന് എംഎ യൂസഫലി ഉറപ്പ് നല്‍കി. ദീര്‍ഘനാള്‍ നീണ്ട ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ യുസഫലിയുടെ നേതൃത്വത്തില്‍ നടന്നു. ഒരുഘട്ടത്തില്‍ സുഡാന്‍ ബാലന്റെ കുടുംബക്കെ യുഎഇയിലെത്തിച്ച് ചര്‍ച്ചകള്‍ കൂടുതല്‍ ശക്തിപ്പെടുത്തി. ഒടുവില്‍ മാപ്പ് നല്‍കാമെന്ന് കുടുംബം സമ്മതിച്ചു. ദയാധനമായി അഞ്ച് ലക്ഷം ദിര്‍ഹമാണ് (ഒരു കോടി രൂപ) നല്‍കാന്‍ ധാരണയായത്. കോടതി കുടുംബത്തിന്റെ മാപ്പ് അംഗീകരിച്ചതോടെ ബെക്‌സിന് ജീവൻ തിരിച്ചു കിട്ടി.

Share
അഭിപ്രായം എഴുതാം