പശ്ചിമ ബംഗാളില്‍ ഇടിമിന്നലില്‍ 26 മരണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മൂന്ന് ജില്ലകളിലായി 26 പേര്‍ക്ക് ഇന്നലെ ഇടി മിന്നലില്‍ ജീവന്‍ നഷ്ടപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ശേഷം കൊല്‍ക്കത്തയില്‍ അടക്കം ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഇടിമിന്നലും മഴയും അനുഭവപ്പെട്ടിരുന്നു.മുര്‍ഷിദാബാദില്‍ ഒമ്പത് പേര്‍, ഹൂഗ്‌ളിയില്‍ 10 പേര്‍, ഹൗറയിലും വെസ്റ്റ് മിഡ്‌നാപൂരിലും 2പേര്‍ എന്നിങ്ങനെയാണ് മരണ സംഖ്യ. മോരിഫ് ഷെയ്ക്ക് എന്നയാളാണ് ജംഗിപൂരില്‍ മരിച്ചത്. അബിജിത് ബിശ്വാസ് (42), പ്രഹ്ലാദ് മൊരാരി (40) എന്നിവരാണ് ബെര്‍ഹാംപൂരില്‍ ഇടിമിന്നലേറ്റ് മരിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. മുര്‍ഷിദാബാദില്‍ മരിച്ച ആറ് പേര്‍ കര്‍ഷകരും നവോദ ഗ്രാമത്തില്‍ നിന്നുള്ളവരാണെന്നും പാടത്ത് ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന സമയത്താണ് ആറ് പേര്‍ക്കും ഇടിമിന്നലേറ്റതെന്നും പൊലീസ് പറഞ്ഞു. സാനിറുല്‍ ഇസ്ലാം (25), സുനില്‍ ദാസ് (35), ദുര്‍ജാദന്‍ ദാസ് (32), സൂര്യ കര്‍മാകര്‍ (23), മജറുല്‍ ഷെയ്ക്ക് (28), ജലാലുദ്ദീന്‍ ഷെയ്ക്ക് (28) എന്നിവരാണ് മരിച്ചത്. അതേസമയം, ഇടിമിന്നലില്‍ എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. ഇവര്‍ ജംഗിപൂര്‍ സബ് ഡിവിഷണല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബെര്‍ഹാംപൂരില്‍ ഒരാള്‍ക്ക് ഇടിമിന്നലേറ്റ് ഗുരുതരമായി പൊള്ളലേറ്റിട്ടുമുണ്ട്. ഇയാളെ മുര്‍ഷിദാബാദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സംസ്ഥാനത്ത് ഇടിമിന്നലേറ്റ് അഞ്ച് പേര്‍ മരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →