തിരുവനന്തപുരം : പഠനത്തിന്റെ പേരില്‍ മൊബൈല്‍ ഫോണും കമ്പ്യൂട്ടറും കുട്ടികള്‍ യഥേഷ്ടം കൈകാര്യം ചെയ്യുന്നത് മുതലെടുത്ത് സൈബര്‍ കുറ്റവാളികള്‍ ഇവരെ ചതിക്കുഴിയിലാക്കാന്‍ വലവിരിക്കുന്നതായി പോലീസ്. അഞ്ചാം ക്ലാസുമുതല്‍ കോളേജ് തലം വരെയുളള 80 ശതമാനം വിദ്യാര്‍ത്ഥികളും സമൂഹ മാധ്യമങ്ങളില്‍ അക്കൗണ്ടുളളവരാണ്. ഗൂഗിളോ ,ക്രോമോ വഴിയുളള ഇ-മെയില്‍ വിലാസം വഴിയാണ് ഫേസ് ബുക്ക്, വാട്‌സാപ്പ് അക്കൗണ്ടുകള്‍ തുറക്കുന്നത്. ഓണ്‍ലൈന്‍ പഠനത്തിന് വീട്ടില്‍ ടീവി ഇല്ലാത്ത കുട്ടികള്‍ എവിടെനിന്നെങ്കിലും വാങ്ങിയോ, ആരെങ്കിലും സംഭവാന ചെയ്‌തതോ ആയ പഴയ കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ വഴിയാണ് ക്ലാസുകളില്‍ പങ്കെടുക്കുന്നത്.
ക്ലാസില്‍ പങ്കെടുക്കാന്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ് നമ്പര്‍ മറ്റാരെങ്കിലും വഴിവിട്ട നിലയില്‍ ഉപയോഗിച്ചിരുന്നതാണെങ്കില്‍ അവര്‍ ഉപയോഗിച്ചിരുന്ന സെറ്റുകളില്‍ നിന്ന് പലവിധത്തിലുളള നോട്ടിഫിക്കേഷനുകളും ഓണ്‍ലൈന്‍ ക്ലാസിനിടെ കുട്ടികളുടെ അക്കൗണ്ടിലെത്താനിടയുണ്ട്. അറിഞ്ഞോ അരിയാതെയോ കുട്ടികള്‍ ഇത്തരം നോട്ടിഫിക്കേഷനുകള്‍ പരിശോധിക്കാനും സൈറ്റുകളില്‍ കയറാനും ശ്രമിച്ചാല്‍ അവര്‍ അറിയാതെ ചതിക്കുഴികളില്‍ അകപ്പെടും. ഓണ്‍ലൈന്‍ ക്ലാസിനിടെ ചില സ്ഥലങ്ങലില്‍ അസ്ലീല വീഡിയോകളും ഇമേജുകളും പ്രത്യക്ഷപ്പെട്ട സംഭവങ്ങള്‍ ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.
ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്ന സൈറ്റുകള്‍ ഹാക്ക്‌ചെയ്യാതിരിക്കാനും മറ്റുവിധത്തില്‍ ദുരുപയോഗം ചെയ്യാതിരിക്കാനും സൈബര്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. റ്റീനേജുകാരായ ചില ആണ്‍കുട്ടികളും പെണ്‍കുട്ടികളും പ്രായത്തിന്‍റെ കൗതുകത്തില്‍ ഇത്തരം സൈറ്റുകളില്‍ പരതുകയും വീഡിയോകളും ഫോട്ടോകളും ഡൗണ്‍ലോഡ് ചെയ്യുകയും അവ ഷെയര്‍ ചെയ്യുകയും ചെയ്യാറുണ്ട്. പോണ്‍വീഡിയോ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരെയും അസ്ലീല വീഡിയോ ഷെയര്‍ ചെയ്യുന്നവരെയും നിരീക്ഷിക്കാന്‍ തിരുവനന്തപുരം എസ്‌എപി ക്യാമ്പ് കേന്ദ്രീകരിച്ച് പ്രത്യേക കണ്‍ട്രോള്‍ റും ആരംഭിച്ചിട്ടുണ്ട്. ഇത്തരം വീഡിയോകള്‍ സൈറ്റുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്നവരെ ഐപി അഡ്രസ് പ്രകാരം കയ്യോടെ പൊക്കാനാണ് പോലീസിന്റെ തീരുമാനം.
13നും 18നും ഇടയില്‍ പ്രയമുളളവരാണ് ചതിക്കുഴികളില്‍ വീഴുന്നവരില്‍ അധികവും. ഇത്തരം കേസുകളില്‍ കുട്ടികളുടെ മൊഴികള്‍ സ്വകാര്യമായി രേഖപ്പെടുത്താന്‍ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ചതിക്കുഴികളെക്കുറിച്ചും, ഇതൊഴിവാക്കേണ്ടതെങ്ങനെയെന്നും, പരാതിപ്പെടേണ്ട മാര്‍ഗങ്ങളും പോലീസ് പലപ്രാവശ്യം സമൂഹ മാധ്യമങ്ങളിലൂടെ പലതവണ വിശദീകരിച്ചിട്ടുളളതാണ്. ഇതോന്നും രക്ഷിതാക്കളോ കുട്ടികളോ ശ്രദ്ധിക്കുന്നില്ലെന്നതാണ് പ്രശ്‌നം. അതുകൊണ്ടാണ് കുട്ടികളുടെ ഓണ്‍ലൈന്‍ ഉപയോഗം രക്ഷാകര്‍ത്താക്കള്‍ കര്‍ശനമായി നിരീക്ഷിക്കണമെന്ന് പോലീസ് വീണ്ടും നിര്‍ദ്ദേശിക്കുന്നത്.
കുട്ടികള്‍ കളിക്കുന്ന വീഡിയോ ഗെയിമുകള്‍, സിനിമകള്‍ വെബ്‌സൈറ്റുകള്‍ അവര്‍ ഇന്റര്‍നെറ്റില്‍ തെരയുന്ന കാര്യങ്ങള്‍ തുടങ്ങിയവ മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. കമ്പ്യൂട്ടര്‍ അടക്കമുളള ഇലക്ടോണിക്ക് ഉപകരണങ്ങള്‍ കുട്ടികളുടെ മുറിയില്‍ വയ്‌ക്കാതിരിക്കുക. പേര് വിലാസം,ഫോണ്‍ നമ്പര്‍, ഫോട്ടോ,ഇ-മെയില്‍ വിലാസം, തുടങ്ങിയവ ഇന്റര്‍നെറ്റില്‍ പരസ്യപ്പെടുത്തരുതെന്ന് കുട്ടികളെ പറഞ്ഞ് മനസിലാക്കണം. ആവശ്യമില്ലെന്ന് തോന്നുന്ന വെബ്‌സൈറ്റുകള്‍ ബ്ലോക്കുചെയ്യണം. പഠനം കഴിഞ്ഞാന്‍ ഒരുപാട് സമയം കുട്ടികളെ ഇന്റര്‍നെറ്റില്‍ തുടരാന്‍ അനുവദിക്കരുത്. പൊതുവായിട്ടുളള ഇന്റര്‍നെറ്റ് കണക്ഷന്‍ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കരുത്. മുതിര്‍ന്നവര്‍ ഉപയോഗിക്കുന്ന നെറ്റ് ഷെയര്‍ ചെയ്‌താല്‍ കുട്ടികള്‍ അനാവശ്യമായ സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ ഇടയാക്കും. കഴിവതും കുട്ടികള്‍ക്കു മാത്രമായി ഡിവൈസും ഇന്റര്‍നെറ്റ് കണക്ഷനും ലഭ്യമാക്കാന്‍ ശ്രദ്ധിക്കണം. എല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന സ്ഥലത്തിരുന്നുമാത്രം ഇന്റര്‍നെറ്റ് സര്‍വീസ് ഉപയോഗിക്കാന്‍ അനുവദിക്കുക. രക്ഷിതാക്കളുടെ പ്രത്യേക ശ്രദ്ധയും കരുതലും ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന് പോലീസ് മുന്നറിയിപ്പു നല്‍കുന്നു.



