ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ മെഡിക്കല്‍ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, ബിഎച്ച്എംഎസ് മെഡിക്കല്‍ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) 2021 അപേക്ഷ ഫോം നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പുറത്തിറക്കി. ബിരുദ തലത്തിലുള്ള മെഡിക്കല്‍ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷ ഓഗസ്റ്റ് ഒന്നിനാണ് നടക്കുക. പ്രായപരിധി: വിദ്യാര്‍ത്ഥികള്‍ അപേക്ഷിക്കുന്ന സമയത്തോ അല്ലെങ്കില്‍ 2021 ഡിസംബര്‍ 31ന് മുമ്പോ 17 വയസ്സ് പൂര്‍ത്തിയാക്കണം. ബിരുദ കോഴ്‌സുകള്‍ക്കുള്ള നീറ്റ് പരീക്ഷയ്ക്കുള്ള ഉയര്‍ന്ന പ്രായപരിധി 25 വയസ്സാണ്. സംവരണ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃതം അഞ്ച് വയസ്സ് വരെ ഇളവ് അനുവദിക്കും.
അപേക്ഷകര്‍ ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി എന്നിവ പ്രധാന വിഷയങ്ങളായി പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. പ്ലസ് ടു പരീക്ഷയുടെ റിസള്‍ട്ട് കാത്തിരിക്കുന്നവര്‍ക്കും നീറ്റ് (യുജി) 2021ന് അപേക്ഷിക്കാം. പ്ലസ് ടു പരീക്ഷ പ്രൈവറ്റായും ഓപ്പണ്‍ സ്‌കൂള്‍ രീതിയിലും പാസായവര്‍ നീറ്റ് പരീക്ഷക്ക് അപേക്ഷിക്കാന്‍ യോഗ്യരല്ല. നീറ്റ് (യുജി) 2021 അപേക്ഷകള്‍ ഓണ്‍ലൈനായി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മാത്രമേ സ്വീകരിക്കു. ഓഫ്‌ലൈന്‍ അപേക്ഷകള്‍ ഉണ്ടായിരിക്കുന്നതല്ല. അപേക്ഷയില്‍ നല്‍കുന്ന ഇ- മെയില്‍ അഡ്രസ്സ്, ഫോണ്‍ നമ്പര്‍ എന്നിവ പ്രവര്‍ത്തനക്ഷമം ആണെന്ന് വിദ്യാര്‍ത്ഥികള്‍ ഉറപ്പുവരുത്തണം. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആശയവിനിമയവും എന്‍ടിഎ നടത്തുന്നത് അപേക്ഷയില്‍ നല്‍കുന്ന ഇ-മെയില്‍, ഫോണ്‍ നമ്പര്‍ എന്നിവയിലൂടെ മാത്രമായിരിക്കും.



