കണ്ണൂർ: ജൂണ്‍ നാല് മുതല്‍ ശുചീകരണയജ്ഞം; ഞായറാഴ്ചകളില്‍ ഡ്രൈ ഡേ

കണ്ണൂർ: പകര്‍ച്ചവ്യാധി പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ ജൂണ്‍ 4, 5, 6 തീയതികളില്‍ ശുചീകരണ യജ്ഞം നടത്തും. ശുചീകരണ പരിപാടികളില്‍ കൊവിഡ്  മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവരും പങ്കാളികളാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ പല  ആശുപത്രികളും കോവിഡ് ചികിത്സയ്ക്ക് വേണ്ടി മാറ്റിവച്ചിരിക്കുകയാണ്. കോവിഡിനോടൊപ്പം തന്നെ നോണ്‍ കോവിഡ് ചികിത്സയ്ക്കും പ്രാധാന്യം നല്‌കേണ്ടതുണ്ട്. പകര്‍ച്ചവ്യാധികള്‍ ഫലപ്രദമായി തടഞ്ഞില്ലെങ്കില്‍ ആരോഗ്യരംഗത്ത് പ്രതിസന്ധികള്‍ ഉണ്ടാകാം. അതുകൊണ്ടുതന്നെ വീടുകളിലും പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും പകര്‍ച്ചവ്യാധി പ്രതിരോധത്തിന് പ്രധാന്യം നല്‍കിക്കൊണ്ട് തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തണം.

കൊവിഡിനോടൊപ്പം തന്നെ ഡെങ്കിപ്പനിയെയും പ്രതിരോധിക്കേണ്ടതുണ്ട്. ഡെങ്കിപ്പനിക്കും, കൊതുകുജന്യ രോഗങ്ങള്‍ക്കുമുള്ള  ‘ഒറ്റമൂലി’  കൊതുകു നിര്‍മാര്‍ജ്ജനം തന്നെയാണ്. ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്നതിനായി ശുദ്ധജലത്തില്‍ മുട്ടയിട്ടു വളരുന്ന ഈഡിസ് കൊതുകിന്റെ പ്രജനനം തടയുക തന്നെ വേണം. വീടും പരിസരവും നന്നായിട്ടൊന്ന് വീക്ഷിച്ചാല്‍ തന്നെ നമുക്ക് ഈഡീസിന്റെ എത്രയോ ഉറവിടങ്ങള്‍  കണ്ടെത്താന്‍ സാധിക്കും. ഉറവിട നശീകരണം തന്നെയാണ് കൊതുകു പെരുകുന്നത് തടയാനും കൊതുകുജന്യ രക്ഷനേടാനുമുള്ള  ഏറ്റവും ലളിതവും, ഫലപ്രദവും പരിസ്ഥിതി സൗഹൃദവുമായ മാര്‍ഗം.
ജൂണ്‍ ആറ് ഞായറാഴ്ച വീടും പരിസരവും ശുചീകരിച്ച്  ഉറവിട നശീകരണം ഉറപ്പുവരുത്തണം. എല്ലാ ഞായറാഴ്ചകളിലും ഡ്രൈ ഡേ പ്രവര്‍ത്തനങ്ങളിലൂടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →