എല്ലാ ആദിവാസി ഊരുകേന്ദ്രങ്ങളിലും രജിസ്‌ട്രേഷന്റെ സാങ്കേതികത്വങ്ങള്‍ ഒഴിവാക്കി വാക്‌സിനുകള്‍ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന്‌ ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

തിരുവനന്തപുരം. : ആദിവാസി ഊരുകളില്‍ കോവിഡ്‌ വാക്‌സിന്‍ നല്‍കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്‌ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആവശ്യപ്പെട്ടു. കേരളത്തിലെ ആദിവാസികള്‍ക്കിടയില്‍ സാമൂഹിക അകലം പോലുളള കോവിഡ്‌ സുരക്ഷാ മാനദണ്ഡങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാനോ പാലിക്കപ്പെടാനോ സാധിക്കാത്ത സ്ഥിതിയാണ്‌ നിലവില്‍. അതിജീവനവും അടിസ്ഥാന സൗകര്യങ്ങളും വരെ വലിയ പ്രതിസന്ധിയിലായി നില്‍ക്കുന്ന ഇവര്‍ക്കിടയില്‍ പോഷകാഹാര കുറവുകളും പകര്‍ച്ചവ്യാധികളും സാധാരണമാണ്‌.

കേരളത്തിലെ ഗോത്ര വര്‍ഗങ്ങളുടെ ആരോഗ്യ മേഖലയുടെ വികസനത്തിനും അവരുടെ ആരോഗ്യ സംരക്ഷണത്തിനുമായി യാതൊരു പദ്ധതിയും നടപ്പാക്കാന്‍ നാളിതുവരെ ഭരണകൂടങ്ങള്‍ക്ക്‌ കഴിഞ്ഞിട്ടില്ലെന്നുളള വസ്‌തുത കൂടി കണക്കിലെടുത്താല്‍ ആദിവാസി വിഭാഗങ്ങളുടെ വംശപരമ്പരകളെ ഈ മഹാവ്യാധിയില്‍ നിന്ന്‌ സംരക്ഷിച്ചുനിര്‍ത്തുന്നതിന്‌ ഭരണകൂടങ്ങള്‍ക്ക് ബാധ്യതയുണ്ട്‌. എന്നാല്‍ വേണ്ടവിധം സാങ്കേതിക വിദ്യ ലഭ്യമല്ലാത്തതും സാങ്കേതിക വിജ്ഞാനത്തിന്റെ കുറവും മൂലം ആദിവാസി ആവാസ കേന്ദ്രങ്ങളില്‍ വാക്‌സിനുകള്‍ക്കുളള രജിസ്‌ട്രേഷന്‍ ഇവര്‍ക്ക്‌ സ്വയം നിര്‍വഹിക്കാന്‍ കഴിയാതെ പോകുന്നുണ്ട്‌.

ലോക്‌ഡൗണ്‍ സമയത്ത്‌ വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കുവരെ ബുദ്ധിമുട്ടുന്ന ആദിവാസികളെ പ്രത്യേകമായി പരിഗണിച്ച് എല്ലാ ഊരുകേന്ദ്രങ്ങളിലും രജിസ്‌ട്രേഷന്റെ സാങ്കേതികത്വങ്ങള്‍ ഒഴിവാക്കി ഉടനടി വാക്‌സിനുകള്‍ നല്‍കാന്‍ നടപടി സ്വീകരിക്കണമന്ന്‌ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ്‌ പ്രസിഡന്റ് മഹേഷ്‌ തോന്നക്കല്‍ മുഖ്യമന്ത്രി,ആരോഗ്യമന്ത്രി, പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമ വകുപ്പുമന്ത്രി ,പട്ടിക വര്‍ഗ വികസന ഡയറക്ടര്‍ എന്നിവര്‍ക്ക് കത്തയക്കുകയും ചെയ്‌തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →