തൃശൂര്‍ : സര്‍ക്കാര്‍ ജീവനക്കാര്‍ തങ്ങളുടെ പരാതികള്‍ ,നിര്‍ദ്ദേശങ്ങള്‍, നിവേദനങ്ങള്‍ എന്നിവ സ്വന്തം ഓഫീസ് മേധാവികള്‍ക്കുമാത്രമേ അയക്കാവൂ എന്ന് സര്‍ക്കാര്‍ ഉത്തരവ്. മറിച്ച് ഗവര്‍ണര്‍, മുഖ്യമന്ത്രി, വകുപ്പുമേധാവികള്‍ എന്നിവരെ നേരിട്ടറിയിക്കുന്നത് അച്ചടക്ക ലംഘനമായി കണക്കാക്കി ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
കഴിഞ്ഞ ഭരണകാലത്ത് സര്‍ക്കാര്‍ രേഖകളുള്‍പ്പടെ പുറത്തുവന്നത് പ്രതിസന്ധിയിലാക്കിയ സാഹചര്യത്തില്‍ കരുതലെടുക്കുകയാണ് ലക്ഷ്യമെന്നാണ് വിവരം. സേവന വേതനവുമായി ബന്ധപ്പെട്ടതും വ്യക്തിഗതവുമായ പരാതികളും നിവേദനങ്ങളും ചട്ടങ്ങള്‍ പാലിച്ച് മേലുദ്യോഗസ്ഥന് അല്ലെങ്കില്‍ നിയമനാധികാരിക്കോ,പരാതി പരിഹരിക്കേണ്ട തലത്തിലെ ഉദ്യോഗസ്ഥനോ സമര്‍പ്പിക്കാമെന്നായിരുന്നു ചട്ടം. എന്നാല്‍ ഗവര്‍ണര്‍ മുതല്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, വകുപ്പുമേധാവികള്‍ ഇതര വകുപ്പിലുളളവര്‍ എന്നിവര്‍ക്ക് പൊതുജനപരിഹാര സെല്ലിലൂടെയും തപാല്‍ മാര്‍ഗവും പരാതികള്‍ അയക്കാറുണ്ട്. ജീവനക്കാരുടെ സംഘടനകളും നിവേദനങ്ങളു ംപരാതികളും സമര്‍പ്പിക്കാറുണ്ട്. .
എന്നാല്‍ ഇത് ശിക്ഷാര്‍ഹമാണെന്നും കടുത്ത അച്ചടക്ക നടപടിക്ക് കാരണമായതാണെന്നും ഉത്തരവില്‍ പറയുന്നു. പൊതുജന പരാതി പരിഹാരസെല്‍ പൊതുജനങ്ങളുടെ പരാതികള്‍ അ്‌ടിയന്തിര പ്രധാന്യത്തോടെ പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയുളളതാണ്. ജീവനക്കാരുടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ ചട്ടപ്രകാരമുളള വ്യവസ്ഥാപിത മാര്‍ഗങ്ങള്‍ ഉളളപ്പോള്‍ അത് അവഗണിച്ചും,സര്‍ക്കാരിന് നിവേദനങ്ങള്‍ നല്‍കുന്നത് പെരുമാറ്റ ചട്ടം 1960 റൂള്‍ 94ന് വിരുദ്ധമാണെന്ന് ഉത്തരവില്‍ പറയുന്നു.