കൊച്ചി: കോവിഡിനിടയിൽ സംസ്ഥാനത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്ന് ക്ഷാമത്തിന് താൽക്കാലിക ശമനമായി. ലൈപോസോമൽ ആംഫറ്റെറിസിൻ ബി മരുന്നിന്റെ 250 വയൽ 26/05/21 ബുധനാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിലെത്തി . ഇവ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ റീജിയണൽ ഓഫിസിൽ എത്തിച്ചിട്ടുണ്ട്.
ആവശ്യമുള്ള കേന്ദ്രങ്ങളിലേയ്ക്ക് ഉടൻ മരുന്ന് അയക്കും. കെഎംഎസ്‍സിഎല്ലിനാണ് മരുന്നിൻ്റെ വിതരണ ചുമതല. രോഗം സംസ്ഥാനത്ത് വ്യാപകമായി റിപ്പോർട്ടു ചെയ്തു തുടങ്ങിയതോടെ മരുന്നിന് ക്ഷാമം നേരിട്ടിരുന്നു. ഇതോടെയാണ് കൂടുതൽ മരുന്ന് എത്തിക്കാൻ നടപടി സ്വീകരിച്ചത്.
വരും ദിവസങ്ങളിൽ കൂടുതലായി രോഗം റിപ്പോർട്ടു ചെയ്യാനുള്ള സാധ്യത പരിഗണിച്ച് ആംഫറ്റെറിസിൻ ബി ഉൽപാദനം വർധിപ്പിക്കാൻ ഫാർമ കമ്പനികൾക്കു കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. കടുത്ത ഫംഗൽ രോഗത്തിന് നേരത്തേ മുതൽ ഉപയോഗിച്ചു വരുന്ന മരുന്നാണ് ലൈപോസോമൽ ആംഫറ്റെറിസിൻ ബി.