ന്യൂഡല്‍ഹി: ഗുസ്തി താരം സാഗര്‍ റാണയെ കൊലപ്പെടുത്തിയ ഒളിമ്പിക് ജേതാവ് സുശീല്‍ കുമാറിനു ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നു ഡല്‍ഹി പോലീസ്.
സാഗര്‍ റാണയെ മര്‍ദിക്കുമ്പോള്‍ പരുക്കേറ്റ സോനു മഹല്‍ ഉത്തരേന്ത്യയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവായ സന്ദീപ് കാലയെന്ന കാല ജതേദിയുടെ അടുത്ത ബന്ധുവാണെന്നും കാല ജതേദിയുമായി സുശീലിന് അടുത്ത ബന്ധമുണ്ടായിരുന്നതായും പോലീസ് പറയുന്നു. എന്നാല്‍ സോനുവിനെ സുശീല്‍ മര്‍ദിച്ചതോടെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായതായും പോലീസ് വ്യക്തമാക്കുന്നു.
സോനുവിനെതിരേ 19 ക്രിമിനല്‍ കേസുകളുണ്ട്. സാഗര്‍ റാണയേയും സോനുവിനേയും മര്‍ദിക്കാന്‍ സുശീലിന് മറ്റൊരു കൊടുംകുറ്റവാളിയായ നീരജ് ബവാനയുടെ സംഘത്തിന്റെ പിന്തുണ ലഭിച്ചിരുന്നു. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച സ്കോര്‍പിയോ കാര്‍ ബവാനയുടെ ബന്ധുവിന്റേതാണെന്നും പോലീസ് സ്ഥിരീകരിച്ചു. ബവാനയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ക്ക് പോലീസ് അഞ്ചുലക്ഷം രൂപ പാരിതോഷികം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
നിലവില്‍ ആറു ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് സുശീല്‍ കുമാര്‍. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് സുശീലിനെതിരേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

