ന്യൂഡൽഹി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എളമരം കരീം എംപി രാഷ്ട്രപതിക്ക് കത്ത് നല്‍കി.
99 ശതമാനവും മുസ്ലിങ്ങള്‍ ജീവിക്കുന്ന ദ്വീപില്‍ തദ്ദേശീയരായ ജനങ്ങളുടെ പരമ്പരാഗത ജീവിതത്തെയും വിശ്വാസങ്ങളെയും അട്ടിമറിക്കുന്ന തരത്തിലുള്ള പരിഷ്‌കാരങ്ങളും നിയന്ത്രണങ്ങളുമാണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് 23/05/21 ഞായറാഴ്ച നൽകിയ കത്തിൽ എളമരം കരീം ആരോപിച്ചു.
‘ചുമതലയേറ്റെടുത്ത ഉടന്‍തന്നെ കോവിഡ് പ്രതിരോധത്തിനായി ദ്വീപില്‍ നിലവിലുണ്ടായിരുന്ന എസ്ഒപി മാറ്റുകയും എല്ലാ നിയന്ത്രണങ്ങളും എടുത്തുമാറ്റുകയുമാണ് പ്രഫുൽ പട്ടേൽ ചെയ്തത്. 2020 അവസാനം വരെ ഒരു കോവിഡ് കേസ് പോലും ഇല്ലാത്തിരുന്ന ലക്ഷദ്വീപില്‍ ഇപ്പോള്‍ കോവിഡ് വളരെ വേഗം പടര്‍ന്നുപിടിക്കാന്‍ കാരണം ആശാസ്ത്രീയമായ ഈ തീരുമാനമാണ് എന്നാണ് ദ്വീപ് നിവാസികള്‍ പറയുന്നത് ‘ എളമരം കരീം പറഞ്ഞു.
‘ദ്വീപ് നിവാസികളുടെ ഭക്ഷണ ശീലങ്ങളും വരുമാന മാര്‍ഗ്ഗവും ലക്ഷ്യം വെച്ച് ദ്വീപില്‍ ഗോവധ നിരോധനം നടപ്പിലാക്കാനും തീരുമാനമെടുക്കുകയുണ്ടായി. ഭൂരിഭാഗവും മുസ്ലീങ്ങള്‍ അധിവസിക്കുന്ന ലക്ഷദ്വീപില്‍ ജനങ്ങളോ ജനപ്രതിനിധികളോ തദ്ദേശ സ്ഥാപനങ്ങളോ ഒന്നും ആവശ്യപ്പെടുകയോ അംഗീകരിക്കുകയോ ചെയ്യാത്ത ഇത്തരം ഒരു നിയത്രണം കൊണ്ടുവന്നത് ദ്വീപിന്റെ സാംസ്‌കാരിക വൈവിധ്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ്. മദ്യം ഉപയോഗിക്കുന്നതില്‍ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളും അദ്ദേഹം എടുത്തുകളയുകയുണ്ടായി. ദ്വീപിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന തദ്ദേശീയരായ താല്‍ക്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുകയും 38ഓളം അംഗനവാടികള്‍ അടച്ചുപൂട്ടുകയും ചെയ്തു. ടൂറിസംവകുപ്പില്‍ നിന്ന് 190 പേരെ പിരിച്ചുവിട്ടു. സ്‌കൂളുകളില്‍ ഉച്ചഭക്ഷണം ഉണ്ടാക്കുന്നവരെയും കായികാധ്യാപകരെയും പിരിച്ചുവിട്ടു. മൃഗസംരക്ഷണവകുപ്പ്, കാര്‍ഷികവകുപ്പ് എന്നിവയില്‍ നിന്നും നിരവധിപേരെ പുറത്താക്കി. ഇതെല്ലാം ദ്വീപുകാര്‍ക്കിടയില്‍ വലിയ ആശങ്കകളാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ‘ എളമരം കരീം വ്യക്തമാക്കി.



