കോഴിക്കോട് : ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് അതിശക്തമായ മഴയും കടലാക്രമണവും. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ നാശനഷ്ടമാണ് ഉണ്ടായത്.ഡാമുകൾ തുറന്നതോടെ മിക്ക നദികളുടെയും ജലനിരപ്പ് ഉയർന്നു.
മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്കും ശനിയാഴ്ച(മെയ് 15 ) ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഗുജറാത്ത്, ദിയു തീരങ്ങൾക്കാണ്, പ്രത്യക്ഷത്തിൽ ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിൽ ലക്ഷദ്വീപിന് സമീപമാണ് ചുഴലിക്കാറ്റ്. അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നിലവിൽ ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എങ്കിലും ന്യൂനമർദത്തിന്റെ സഞ്ചാരപഥം കേരള തീരത്തോട് അടുത്ത് നിൽക്കുന്നതിനാൽ മെയ് 15 മുതൽ 16 വരെ അതിതീവ്ര മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അമിനി ദ്വീപ് തീരത്ത് നിന്ന് ഏകദേശം 120 കി.മീ വടക്ക്, വടക്ക്പടിഞ്ഞാറും കേരളത്തിലെ കണ്ണൂർ തീരത്ത് നിന്ന് 300 കിമീ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറുമായാണ് നിലവിൽ ചുഴലിക്കാറ്റ്.

