സമാനതകളില്ലാത്ത കമ്യൂണിസ്റ്റ് ജീവിതം

ആലപ്പുഴ: ‘കേരം തിങ്ങും കേരള നാട് കെ ആർ ഗൗരി ഭരിച്ചീടും’ എന്നൊരു മുദ്രാവാക്യം ഒരുകാലത്ത് കേരളത്തിൽ മുഴങ്ങിയിരുന്നു. മുദ്രാവാക്യത്തിൽ സൂചിപ്പിച്ചതു പോലെ കെ ആർ ഗൗരിയമ്മ മുഖ്യമന്ത്രിയായി കേരളം ഭരിച്ചില്ല. എങ്കിലും കേരളത്തിന്റെ കമ്യൂണിസ്​റ്റ്​ രാഷ്​ട്രീയ ചരിത്രത്തിൽ പോരാട്ടത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും പടിയിറക്കത്തിന്റെയുമൊക്കെ സമാനതകളില്ലാത്ത ഒരേട്​ എഴുതിച്ചേർക്കാൻ ധീരയായ ആ നേതാവിന് സാധിച്ചു. ​

1919 ജൂ​ലൈ 14ന്​ ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് വില്ലേജിൽ കളത്തിപ്പറമ്പിൽ രാമ​​ൻ്റെയും പാർവതിയമ്മയുടെയും മകളായാണ്​ ജനനം. തുറവൂർ തിരുമല ദേവസ്വം സ്​കൂളിലും ചേർത്തല ഇംഗ്ലീഷ് സ്​കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ്​, സെൻറ്​ തെരേസാസ്​, തിരുവനന്തപുരം ഗവ. ലോ കോളജ്​ എന്നിവിടങ്ങളിലായിരുന്നു ഉന്നത പഠനം.

വിദ്യാർഥി രാഷ്​ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ഗൗരിയമ്മ 1946ൽ കമ്യൂണിസ്​റ്റ്​ പാർട്ടിയിൽ ചേർന്നു. തൊഴിലാളി-കർഷക പ്രക്ഷോഭങ്ങളിൽ അണിനിരന്നതിന്റെ പേരിൽ നിരവധി തവണ തടവു ശിക്ഷ അനുഭവിച്ചിട്ടുണ്ട്​.

1948ൽ തിരു-കൊച്ചി നിയമസഭയിലേക്ക്​ നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും 1952ൽ തിരു -കൊച്ചി സഭയിലേക്കു തന്നെ നടന്ന തെരഞ്ഞെടുപ്പിൽ കന്നിവിജയം സ്വന്തമാക്കി. ’54ലും ജയം ആവർത്തിച്ചു. കേരള നിയമസഭയിലേക്ക്​ ആദ്യമായി നടന്ന 1957ലെ തെരഞ്ഞെടുപ്പിൽ ചേർത്തലയിൽനിന്ന്​ തെരഞ്ഞെടുക്കപ്പെട്ടു. ഇ.എം.എസ്​ നേതൃത്വം നല്‍കിയ പ്രഥമ കേരള മന്ത്രിസഭയില്‍ റവന്യൂ, എക്സൈസ്, ദേവസ്വം വകുപ്പുകളുടെ മന്ത്രിയായി. അതേ വർഷം തന്നെയായിരുന്നു കമ്യൂണിസ്​റ്റ്​ നേതാവ്​ ടി.വി. തോമസുമായുള്ള വിവാഹം.

1964ൽ കമ്യൂണിസ്​റ്റ്​ പാർട്ടി പിളർന്നപ്പോൾ ഗൗരിയമ്മ സി.പി.എമ്മിലും ടി.വി തോമസ്​ സി.പി.ഐയിലുമായി. ഇതോടെ ജിവിതത്തിലും ഇരുവരും വേർപിരിഞ്ഞു. 1967ലെ രണ്ടാം ഇ.എം.എസ്​ മന്ത്രിസഭയിലും 1980ലെ ഒന്നാം നായനാർ മന്ത്രിസഭയിലും 1987ലെ രണ്ടാം മന്ത്രിസഭയിലും അംഗമായിരുന്നു.

പാർട്ടിക്കെതിരായ പരാമർശങ്ങളെ തുടർന്ന്​ 1994 ജനുവരിയിൽ സി.പി.എമ്മിൽ നിന്നും പുറത്താക്കി. തുടർന്ന്​ ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്​.എസ്​) എന്ന പാർട്ടിയുണ്ടാക്കി അതിന്റെ പ്രഥമ ജനറൽ സെക്രട്ടറിയായി.

1996ലും 2001ലും യു.ഡി.എഫ്​ മുന്നണിക്കൊപ്പം ചേർന്ന്​ അരൂരിൽ നിന്ന്​ നിയമസഭയിലെത്തിയ ഗൗരിയമ്മ ആൻറണി മന്ത്രിസഭയിലും ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും അംഗമായി. 2006ലെ തെര​ഞ്ഞെടുപ്പിൽ അരൂരിൽ ദീർഘകാലത്തിനുശേഷം തോൽവിയറിഞ്ഞു. 2011ലും തോൽവി ആവർത്തിച്ചു. അവസാന കാലത്ത്​ ഇടതുമുന്നണിയുമായി അടുത്തെങ്കിലും അർഹമായ പരിഗണന ലഭിച്ചില്ലെന്ന്​ ഗൗരിയമ്മ പരിഭവിച്ചിരുന്നു.

ഗൗരിയമ്മ സ്വന്തം ജീവിതം പറഞ്ഞ ‘ആത്​മകഥ’ക്ക്​ 2011ലെ കേരള സാഹിത്യ അക്കാദമി പുരസ്​കാരവും ലഭിച്ചിട്ടുണ്ട്​.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →