ഗുരുവായൂര്‍: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്കഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനവും വിവാഹവും നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. 2021 മെയ് 8 മുതല്‍ വിവാഹവും ദര്‍ശനവും അനുവദിക്കില്ല. ഓണ്‍ലൈന്‍ വഴി ബുക്കുചെയ്ത 1000 പേര്‍ക്ക് ദര്‍ശനവും മുന്‍കൂട്ടി ബുക്കുചെയ്ത വിവാഹങ്ങളുമാണ് നടന്നുവന്നിരുന്നത്. ഈ മാസം 30 വരെ വിവാഹങ്ങള്‍ ബുക്കിംഗ് നടത്തിയിട്ടണ്ട്.
സര്‍ക്കാരിന്റെ പുതിയ മാര്‍ഗ നിര്‍ദ്ദേശം വരുന്നതനുസരിച്ച 17ന് ശേഷമുളള വിവാഹങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനെക്കുറിച്ച് ദേവസ്വം തീരുമാനിക്കും. ഈ മാസം 30 വരെയുളള ദിവസങ്ങളിലായി 500 ലേറെ വിവാഹങ്ങളാണ് ബുക്കിംഗ് നടത്തിയിട്ടുളളത്. ഈ വിവാഹങ്ങളെല്ലാം വീടുകളില്‍ നടത്തുകയോ അല്ലെങ്കില്‍ മാറ്റി വെക്കുകയോ ചെയ്യേണ്ട സ്ഥിതിയാണ്.
ശനിയും ഞായറും ബുക്കുചെയ്ത വിവാഹങ്ങളില്‍ ചിലത് ഇന്നലെ രാവിലെയും വൈകിട്ടുമായി നടന്നു. ഇന്നുമുതല്‍ ലോക്കഡൗണ്‍ കഴിയുന്നതുവരെ ദീപസ്തംഭത്തിനുമുന്നില്‍ നിന്ന് തൊഴുന്നതിനും അനുവദിക്കില്ല. ക്ഷേത്രപരിസരത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. ഭക്തര്‍ക്ക് പ്രവേശനമില്ലെങ്കിലും ക്ഷേത്രത്തിലെ പൂജകളും ചടങ്ങുകളും തടസമില്ലാതെ നടക്കും.

