ചാവക്കാട്. കണ്ടെയിന്‍മെന്റ് സോണ്‍ നിയമം ലംഘിച്ച് ജനം കൂട്ടത്തോടെ പുറത്തിറങ്ങിയത് പോലീസിന് തലവേദനയായി. ചാവക്കാട് ടൗണിലാണ് സംഭവം. ചാവക്കാട് നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളും 2021 ഏപ്രില്‍ 29 വ്യാഴാഴ്ച മുതല്‍ കണ്ടെയിന്‍മെന്റ് സോണാണ്. ശനിയും ഞായറും മുടക്കവും, തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ ഒമ്പതാം തീയതി വരെ നിയന്ത്രണം കടുപ്പിക്കുമെന്ന് സര്‍ക്കാരിന്റെ നേരത്തേതന്നെയുളള അറിയിപ്പും കൂടെയായപ്പോഴാണ് ജനങ്ങള്‍ തിങ്കളാഴ്ച ടൗണില്‍ പറന്നെത്തിയത്.
പലചരക്ക് പച്ചക്കറിക്കടകള്‍ മാത്രമാണ് തുറന്നിരുന്നത് . 1 മണിക്കുമുമ്പായി കടകള്‍ അടക്കുകയും വേണമെന്ന സാഹചര്യത്തിലാണ് തിരക്ക് വര്‍ദ്ധിച്ചത്. അരിയങ്ങാടിയിലായിരുന്നു തിരക്ക് മുഴുവന്‍. ഇതേ തുടര്‍ന്ന് പോലീസ് , ദ്രുതകര്‍മ്മസേന ആരോഗ്യ വകുപ്പ് എന്നിവര്‍ രംഗത്തിറങ്ങി. അരിയങ്ങാടിയിലെ പ്രമുഖ കടയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കയറിയപ്പോള്‍ അവിടെ 25 പേര്‍ ഉണ്ടായിരുന്നു. കടയുടമയെ താക്കീത് ചെയ്യുകയും ലൈസന്‍സ് റദ്ദാക്കുമെന്ന് മുന്നറിയിപ്പുനല്‍കുകയും ചെയ്തു. ഇന്ന് നഗരസഭയിലെത്തി വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ടെയിന്‍മെന്റ് സോണ്‍ നിയമലംഘനം നടത്തിയതിന് നിരവധി പേര്‍ക്ക് പിഴചുമത്തി.
എടകഴിയൂര്‍, അകലാട് , തിരുവത്ര, കടപ്പുറം, അഞ്ചങ്ങാടി, ഒരുമനയൂര്‍, പാലയൂര്‍ മുതുവട്ടൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുളളവരാണ് ചാവക്കാട് ടൗണിലെത്തിയിരുന്നത് അതാത് പ്രദേശത്ത കടകളുളളപ്പോഴാണ് പലരും സാധനം വാങ്ങാനായി ബൈക്കും കാറുമായി കടയിലെത്തിയത്. ഇതാണ് നഗരത്തെ വീര്‍പ്പുമുട്ടിക്കാന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു.
പല കണ്ടെയിന്‍മെന്‍റ് സോണുകളിലും പോലീസ് അടച്ച റോഡുകളും മറ്റും തുറന്നതായി പോലീസിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് എസ്എച്ച്ഒ കെ പി ജയപ്രസാദ് അറിയിച്ചു. കര്‍ശന നടപടികള്‍ സ്വീകരിക്കും. മൂന്ന് മൊബൈല്‍ പട്രോളിംഗ് വാഹനവും ടൗണ്‍ കേന്ദ്രീകരിച്ച ഒരു ബീറ്റും മൂന്ന് ബൈക്ക് പട്രോളിംഗുമായി പോലീസ് സജീവമായി രംഗത്തുണ്ട്.
എസ്എച്ച് ഒ ജയപ്രസാദ് എസ്‌ഐ സികെ രാജേഷ്, എന്നിവരുടെ നേതൃത്വത്തില്‍ എഎസ്‌ഐമാരായ കെ.ഓമനക്കുട്ടന്‍, ശ്രീരാജ്, സീനിയര്‍ സിപിഒ പി.എസ് മുനീര്‍, വിനിത്, സിപിഒ സൗദാമിനി ,വിനീഷ് മുഹമ്മദ്, അനീഷ് ,വിനീത്, രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ 25 പേരടങ്ങുന്ന പോലീസ് സംഘമാണ് കോവിഡ് ഡ്യൂട്ടിയിലുളളത്.

