തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു തൊട്ടുപിന്നാലെ
കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ കെ സി ജോസഫ്. താഴേത്തലം മുതല്‍ നേതൃതലം വരെ അഴിച്ചുപണി വേണമെന്ന് കെ സി ജോസഫ് ആവശ്യപ്പെട്ടു. മാധ്യമങ്ങൾക്കു മുൻപാകെ 04/05/21 ചൊവ്വാഴ്ചയായിരുന്നു കെ സി ജോസഫിന്റെ തുറന്നുപറച്ചിൽ. കെപിസിസി അധ്യക്ഷനെയും രമേശ് ചെന്നിത്തലയെയും മാത്രം പഴി പറയുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് പാഠം ഉള്‍ക്കൊണ്ടില്ല. പ്രതിപക്ഷ നേതാവ് ആരാകണമെന്നത് കൂടിയാലോചന നടത്തി തീരുമാനിക്കുമെന്നും കെ സി ജോസഫ് പറഞ്ഞു.
കോണ്‍ഗ്രസ് ഇങ്ങനെയൊരു പരാജയം പ്രതീക്ഷിച്ചിരുന്നില്ല. ചെറിയ മാര്‍ജിനില്‍ എല്‍ഡിഎഫോ യുഡിഎഫോ വരും എന്നാണ് കരുതിയത്. ഞെട്ടിച്ചുകൊണ്ടാണ് ഫലം പുറത്തുവന്നത്. കൗണ്ടിംഗ് വരെ ഇങ്ങനെയൊരു തരംഗമുണ്ടാകുമെന്ന് ആരും പറഞ്ഞിരുന്നില്ല. എല്‍ഡിഎഫിന്റെ ഭരണ പരാജയത്തിന് തിരിച്ചടി തെരഞ്ഞെടുപ്പിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചുവെന്നും കെ സി ജോസഫ് പറഞ്ഞു.

