കൊച്ചി: കോവിഡിൻ്റെ ഒന്നാം തരംഗത്തില്‍ നിന്ന് നിരവധി വ്യത്യസ്തതകൾ രണ്ടാം തരംഗത്തിലുണ്ടെന്നാണ് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നത്. ഈ ഘട്ടത്തിൽ പലരിലും ലക്ഷണങ്ങള്‍ വ്യക്തമായ രീതിയില്‍ പ്രകടമാകുന്നില്ല എന്നതും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ചുമ, പനി, ജലദോഷം, ശ്വാസതടസം, ശരീരവേദന, ഗന്ധവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥ എന്നിവയെല്ലാമാണ് സാധാരണഗതിയില്‍ കൊവിഡ് ലക്ഷണങ്ങളായി പരിഗണിക്കപ്പെടുന്നത്, എന്നാൽ ക്ഷീണം, കണ്ണുകളിലെ ചുവപ്പ് ,ചർമത്തിൽ തടിപ്പ് ,അതിസാരം എന്നിവയെല്ലാം കോവിഡിൻ്റെ ലക്ഷണങ്ങളാകാമെന്നാണ് ഡോക്ടർമാർ നൽകുന്ന പുതിയ മുന്നറിയിപ്പ്.
രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുത്തനെ താഴേക്ക് പോകുന്നത് മൂലമുണ്ടാകുന്ന കടുത്ത ക്ഷീണം കൊവിഡ് 19 ന്റെ ആരംഭത്തിന്റെ ലക്ഷണമാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ ലക്ഷണം അവഗണിച്ചാല്‍ രോഗം ഗുരുതരമാകാനിടയുണ്ട്. വൈറസ് മൂലമുള്ള രോഗങ്ങള്‍ പിടിപെടുമ്പോള്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ തോത് കുറയാറുണ്ട്. അതിനാല്‍ ക്ഷീണവും അസ്വസ്ഥതകളും അനുഭവപ്പെട്ടാല്‍ അവഗണിക്കരുതെന്നും നിലവിലെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് കൊവിഡ്-19 പരിശോധന നടത്തണമെന്നും ഡോക്റ്റർമാർ പറയുന്നു.
പ്ലേറ്റ്‌ലറ്റിന്റെ കൗണ്ട് കുറഞ്ഞാല്‍ അത് ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുക. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുമ്പോള്‍ പിന്നീട് ശ്വാസതടസ്സമുണ്ടാകാനും സാധ്യത ഏറെയാണെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.

