കോവിഡ് : പ്രായമുള്ളവര്‍ ഗുണനിലവാരമുള്ള മാസ്‌ക് ശരിയായി ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക

ആലപ്പുഴ: കോവിഡ് രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവശ്യകാര്യങ്ങള്‍ക്ക് മാസ്‌ക് ശരിയായി ധരിച്ച് പുറത്തുപോകുമ്പോഴും ആളുകളുമായി സമ്പര്‍ക്കം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. അവശ്യകാര്യങ്ങള്‍ക്ക് പുറത്തേയ്ക്ക് പോകേണ്ടി വന്നാല്‍ ഗുണനിലവാരമുള്ള മാസ്‌ക്  പാകത്തിന് ധരിച്ചുമാത്രം പോകാന്‍ അനുവദിക്കുക. ഗുണനിലവാരമുള്ള മാസ്‌ക് പ്രായമുള്ളവര്‍ക്ക് വാങ്ങി നല്കണം. ചുറ്റിലുമുള്ളവരില്‍ കോവിഡ് രോഗിയുണ്ടായേക്കാം എന്ന ചിന്തയോടെ പെരുമാറുക. പനി, ചുമ, തൊണ്ടവേദന എന്നീ ലക്ഷണങ്ങളുണ്ടായാല്‍ മറ്റുള്ളവരില്‍ നിന്നൊഴിഞ്ഞ് മുറിയില്‍ സ്വയം നിരീക്ഷണത്തിലിരിക്കുക. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം കോവിഡ് പരിശോധന നടത്തുക. കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആണെന്നുറപ്പിക്കാതെ മറ്റുള്ളവരുമായി ഇടപെടരുത്. അഥവാ പോസിറ്റീവ് ആയി ഹോം ഐസോലേഷനില്‍ ഇരിക്കേണ്ടി വന്നാല്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

വീട്ടിലെ അംഗങ്ങളെയും നിങ്ങളുമായി സമ്പര്‍ക്കത്തിലായവരെയും വ്യക്തിപരമായി വിവരമറിയിക്കുകയും സമ്പര്‍ക്കത്തിലായവരുടെ പേര് വിവരങ്ങള്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കേണ്ടതും അത്യാവശ്യമാണ്. സമ്പര്‍ക്കത്തിലായവര്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുക എന്നത് അസൗകര്യമായി കാണാതെ രോഗത്തിന്റെ ചങ്ങല മുറിയ്ക്കുക എന്ന ഉത്തരവാദിത്തം കാണിക്കുന്നതിനൊപ്പം സ്വന്തം സുരക്ഷയുറപ്പാക്കുകയാണെന്ന് ചിന്തിക്കണം. രോഗവ്യാപനത്തിന്റെ സ്വഭാവം പരിശോധിച്ചാല്‍ സമ്പര്‍ക്കത്തിന്റെ അപകടം മനസ്സിലാക്കാം. മാസ്‌കും കൈകളുടെ വൃത്തിയും മാത്രമല്ല ഇടപെടലുകള്‍ സുരക്ഷിതമാക്കാനുള്ള ജാഗ്രതയും കൂടിയേ തീരൂ. നമ്മുടെ അശ്രദ്ധ കൊണ്ട് രോഗം പിടിപെടാനിടവരരുത്.കോവിഡ് രോഗബാധിതരായ പ്രായമുള്ളവരുടെ മരണ നിരക്ക് കൂടുതലാണ്. പ്രായമുള്ളവര്‍ വീട്ടിലിരിക്കാന്‍ കര്‍ശന നിര്‍ദ്ദേശമുണ്ടെങ്കിലും പ്രായാധിക്യമുള്ളവര്‍ പോലും വെളിയില്‍ ഇറങ്ങി നടക്കുന്നത് ജില്ലയില്‍ മിക്കയിടത്തും കാണുന്നുണ്ട്. അതിലുമേറെ പ്രയാസമുണ്ടാക്കുന്നതും അപകടകരവുമായ കാര്യം ബഹുഭൂരിപക്ഷം പേരും ഒരു പാളിയുള്ള തുണിയുടെ അയഞ്ഞ മാസ്‌ക് ധരിച്ചവരാണെന്നുള്ള വസ്തുതയാണ്. അവരെ കരുതലോടെ കാക്കേണ്ടത് നമ്മളുടെ ഉത്തരവാദിത്തമാണ്. വീടിന് പുറത്ത് പോകാതിരിക്കാന്‍ സ്‌നേഹപൂര്‍വ്വം നിര്‍ബന്ധിക്കുക. 

രോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പിനായി www.cowin.gov.in ല്‍ രജിസ്റ്റര്‍ ചെയ്യുക. സ്മാര്‍ട്ട് ഫോണ്‍ /കമ്പ്യൂട്ടര്‍ ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്. സ്വയം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് അക്ഷയ കേന്ദ്രത്തിന്റെയോ ജനസേവാ കേന്ദ്രത്തിന്റെയോ സഹായം തേടാവുന്നതാണ്. വാക്‌സിനേഷന് സമയം ലഭിച്ചാല്‍ മാത്രം നിര്‍ദ്ദിഷ്ട വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തുക. വാക്‌സിനെടുക്കാന്‍ പോകുമ്പോഴും സാമൂഹിക അകലമുറപ്പാക്കണം. വാക്‌സിന്‍ ലഭിച്ചാലും പ്രതിരോധ പാഠങ്ങള്‍ കര്‍ശനമായി തുടരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →