കോവിഡ് ബാധിതരുടെ ഡിസ്ചാര്‍ജ് മാനദണ്ഡം പുതുക്കി : കൊല്ലം ജില്ലാ കലക്ടര്‍

കൊല്ലം : ഐ. സി. എം. ആര്‍ മാര്‍ഗനിര്‍ദ്ദേശ പ്രകാരം കോവിഡ് ബാധിതരുടെ ആശുപത്രിയില്‍ നിന്നുള്ള ഡിസ്ചാര്‍ജിന് പുതുക്കിയ മാദണ്ഡം പ്രാവര്‍ത്തികമാക്കും എന്ന് ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. നേരിയഗുരുതരമല്ലാത്ത രോഗികള്‍ക്ക് ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റിവ് ആകണമെന്നില്ല. 14 ദിവസത്തെ ഗൃഹനിരീക്ഷണം പിന്നിട്ടവര്‍ക്കും ഇതേ പരിശോധന നിര്‍ബന്ധമല്ല. പഞ്ചായത്ത്തല റാപിഡ് റെസ്‌പോണ്‍സ് ടീമിന്റെ വിലയിരുത്തല്‍ പ്രകാരം ഇവരെ സമ്പര്‍ക്ക പട്ടികയില്‍ നിന്ന് ഒഴിവാക്കും.

രോഗലക്ഷണം മാറി 72 മണിക്കൂറിനകം ഗൃഹനിരീക്ഷണത്തില്‍ പ്രവേശിക്കേണ്ടത് നേരിയ രോഗബാധിതരാണ്. രോഗലക്ഷണം പ്രകടമായ ദിവസം / സ്ഥിരീകരിച്ച ദിവസം മുതല്‍ 17 ദിവസമാണ് കാലാവധി. ഇവരെ ആക്ടീവ് പട്ടികയില്‍ നിന്ന് ഒഴിവാക്കി 10 ദിവസം നിത്യേന ഫോണ്‍ വഴി നിരീക്ഷണം നടത്തും  ആറു മിനുട്ട് നടത്ത പരിശോധനയ്ക്കും വിധേയമാക്കും; ഇതിന് ശേഷമുള്ള പ്രാണവായുവിന്റെ തോത് കണക്കാക്കിയാകും തുടര്‍ ചികിത്സ. ഓക്‌സിജന്‍ തോത് 94 ശതമാനത്തില്‍ താഴെയോ നടത്തത്തിന് ശേഷം മൂന്നു ശതമാനം കുറയുകയോ ചെയ്താല്‍ ദിശ (1056) / ആശുപത്രിയിലോ ബന്ധപ്പെടണം.

കൃത്രിമ ശ്വാസോച്ഛ്വാസം ആവശ്യമില്ലാത്ത 72 മണിക്കൂറിനുള്ളില്‍ മരുന്നില്ലാതെ രോഗലക്ഷണം കുറയുന്ന രോഗികളെ മൂന്ന് ദിവസം കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്യാം എന്ന് ഡി. എം. ഒ. അറിയിച്ചു. തീവ്രത കണക്കാക്കി തുടര്‍ ചികിത്സ നല്‍കും. ഗുരുതരമായി രോഗം ബാധിച്ചവരും വൃക്ക, കരള്‍, ഹൃദ്രോഗഅര്‍ബുദ, എച്ച്. ഐ. വി ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവര്‍ എന്നിവര്‍ക്ക് റാപിഡ് ആന്റിജന്‍ ടെസ്റ്റ് രോഗലക്ഷണം പ്രകടമായി 14 ആം ദിവസം നടത്തും. നെഗറ്റീവ് ആണെങ്കില്‍ മൂന്നാം ദിവസം ഡിസ്ചാര്ജ്. ആരോഗ്യസ്ഥിതി മെച്ചമല്ലെങ്കില്‍ ഐ. സി. യു പ്രവേശനം. ടെസ്റ്റ് പോസിറ്റീവ് ആണെങ്കില്‍ 48 മണിക്കൂര്‍ ഇടവേളയില്‍ ആവര്‍ത്തന പരിശോധന നടത്തും. 14 ദിവസത്തിനകം ആരോഗ്യാവസ്ഥ മെച്ചപ്പെട്ടവരെ ദ്വിതീയ ചികിത്സാ കേന്ദ്രത്തിലേക്കാണ് മാറ്റുക. വീണ്ടും 14 ദവസത്തിന് ശേഷം പരിശോധനയക്ക് വിധേയരാക്കും.

ഷോപ്പിംഗ് മാളുകള്‍, തിരക്കേറിയ ഇടങ്ങള്‍ എന്നിവിടങ്ങളില്‍  സ്വാബ് പരിശോധന കര്‍ശനമാക്കി. വാര്‍ഡ്തല പരിശോധനയും തുടരുന്നു. അവധി ദിനങ്ങളില്‍ ഉള്‍പ്പടെ പരിശോധനയ്ക്ക് പ്രത്യേക സംഘത്തെ നിയോഗിച്ചതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത അറിയിച്ചു.

Share
അഭിപ്രായം എഴുതാം