എന്താണ് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, അവ എങ്ങനെ പ്രവര്‍ത്തിക്കുന്നു?

മുംബൈ: രാജ്യത്ത് കോവിഡ് ചികിത്സയില്‍ ഓക്‌സിജന്‍ ക്ഷാമം തുടരുകയാണ്. ഈ സമയത്ത് ഓക്‌സിജന്‍ സിലണ്ടറുകളേക്കാള്‍ ആവശ്യമുളളതും അവയേക്കാള്‍ ദൗര്‍ലഭ്യം അനുഭവിക്കുന്നതുമായ ഒരു ഉപകരണമാണ് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ . ഒരു കമ്പ്യൂട്ടര്‍ മോണിറ്ററിനേക്കാള്‍ വലുപ്പം കുറവാണിതിന്. ഓക്‌സിജന്‍ തെറാപ്പിയുടെ ഭാഗമായി ഹോം ഐസൊലേഷനിലും ആശുപത്രിയില്‍ ഉളളവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഉപകരമണമാണ് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍

അന്തരീക്ഷ വായുവില്‍നിന്നും നൈട്രജന്‍ നീക്കി 90 മുതല്‍ 95 ശതമാനം വരെ ശുദ്ധമായ ഓക്‌സിജന്‍ പുറത്തുവിടുന്ന യന്ത്രമാണിത്. 24 മണിക്കൂറും ആഴ്ചയില്‍ ഏഴുദിവസവും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുംവിധം ശേഷിയുളളതാണ് ഈ ഉപകരണം . അഞ്ചുവര്‍ഷം വരെ ഇത് പ്രവര്‍ത്തിക്കും. ഓക്‌സിജന്‍ സിലണ്ടര്‍ 99 ശതമാനം ശുദ്ധമായ ഓക്‌സിജന്‍ നല്‍കുമ്പോള്‍ ഈ ഉപകരണം 85 ശതമാനം മാത്രമേ നല്‍കുന്നുളളുവെന്നതാണ് ഇതിനുളള ഒരു കുറവായി പറയുന്നത്. അതുകൊണ്ടു തന്നെ ഐസിയുവില്‍ കഴിയുന്ന ഗുരുതരാവസ്ഥയിലുളളവര്‍ക്ക് ഇത് നല്‍കാന്‍ കഴിയില്ല. എന്നാല്‍ ഒരേസമയം രണ്ടുരോഗികള്‍ക്ക് സഹായം എത്തിക്കാന്‍ ഈ ഉപകരണത്തിന് കഴിയും. എന്നാല്‍ ഇത് ചിലപ്പോള്‍ അണുബാധക്ക് കാരണമാകുമെന്നതിനാല്‍ വിദഗ്ദ്ധര്‍ ഈ രീതി ഇന്ത്യയില്‍ അനുവദിക്കുന്നില്ല.

അഞ്ചുമുതല്‍ 10 വരെ ലിറ്റര്‍ ഓക്‌സിജനാണ് ഉപകരണത്തിന് ഒരുമിനിട്ടില്‍ നല്‍കാന്‍ കഴിയുക. എന്നാല്‍ ഗുരുതര രോഗം ബാധിച്ചവര്‍ക്ക് 40 മുതല്‍ 50വരെ ലിറ്റര്‍ ഓക്‌സിജന്‍ ആവശ്യമാണ്. അതിനാല്‍ ലഘുവായ രോഗമുളളവര്‍ക്കാണ് ഇതുപയോഗിക്കുന്നത്. ദ്രവീകരിച്ച ഓക്‌സിജന്‍പോലെ പ്രത്യേക കാലാവസ്ഥയില്‍ ഇവ പരിചരിക്കേണ്ട. ഓക്‌സിജന്‍ സിലണ്ടറിലേപ്പോലെ ഓക്‌സിജന്‍ തീര്‍ന്നുപോവുകയുമില്ല. 40,000 മുതല്‍ ഒരു ലക്ഷം രൂപവരെയാണ് ഇതിന്റെ വില. എന്നാല്‍ ഓക്‌സിജന്‍ സിലണ്ടറുകള്‍ക്ക് 8,000 മുതല്‍ 20,000 വരെ മാത്രമേ വിലയുളളു. പ്രതിമാസം 30,000 മുതല്‍ 40,000വരെ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റരുകളാണ് രാജ്യത്ത് ഇപ്പോള്‍ വിറ്റുപോകുന്നത്. എന്നാല്‍ ഇവ നിര്‍മ്മിക്കുന്ന അധികം കമ്പനികള്‍ രാജ്യത്ത് ഇല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →