സംസ്ഥാനത്ത് വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് ലോക് ഡൗണ്‍ വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തിൽ വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിന് ലോക് ഡൗണ്‍ വേണ്ടെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരും സ്വീകരിച്ച മുന്‍കരുതല്‍ നടപടികള്‍ തൃപ്തികരമാണെന്ന് വ്യക്തമാക്കി കൊണ്ടാണ് 27/04/21 ചൊവ്വാഴ്ചത്തെ കോടതിയുടെ നിര്‍ദേശം.

സര്‍വകക്ഷി യോഗത്തില്‍ വോട്ടെണ്ണല്‍ ദിനത്തിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഉചിതമായ തീരുമാനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ലോക്ഡൗണ്‍ വേണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മേയ് രണ്ടിന് ആഹ്‌ളാദ പ്രകടനങ്ങള്‍ ഉള്‍പ്പെടെ വിലക്കിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ ധരിപ്പിച്ചു. സര്‍വ കക്ഷി യോഗത്തില്‍ ഈ കാര്യങ്ങളില്‍ തീരുമാനം എടുത്തുവെന്ന് സ്റ്റേറ്റ് അറ്റോര്‍ണി കോടതിയെ അറിയിച്ചു. ഈ വാദങ്ങള്‍ കേട്ട ശേഷമാണ് ഇരുകൂട്ടരുടെയും നടപടികള്‍ പര്യാപ്തമാണെന്ന് കോടതി പറഞ്ഞത്.

സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങളും നടപടികളും സ്വീകരിക്കാമെന്നും കോടതി നിര്‍ദേശിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വോട്ടെണ്ണല്‍ ദിനം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട മൂന്ന് ഹര്‍ജികളും ഹൈക്കോടതി തീര്‍പ്പാക്കി. എന്നാല്‍ കൊട്ടി കലാശവുമായി ബന്ധപ്പെട്ട് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ആളുകള്‍ക്ക് എതിരെ പോലും നടപടി എടുക്കാന്‍ സര്‍ക്കാരും തെരെഞ്ഞെടുപ്പ് കമ്മിഷനും തയ്യാര്‍ ആവുന്നില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →