കോവിഡ്‌ വ്യാപനം രൂക്ഷമാകുന്നു ,മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം

കാസര്‍കോട്‌: ജില്ലയില്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പഴം , പച്ചക്കറി,മത്സ്യ,മാംസ മാര്‍ക്കറ്റുകള്‍ ,ഷോപ്പിംഗ്‌ മാളുകള്‍,ഹോട്ടലുകള്‍ തുടങ്ങിയ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്ന സ്ഥലങ്ങളില്‍ കര്‍ശനമായും കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിക്കണമന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എവി രാംദാസ്‌ അറിയിച്ചു.

ഹോട്ടലുകളില്‍ ഇരുന്ന്‌ ഭക്ഷണം കഴിക്കാതിരിക്കുക, പരമാവധി പാഴ്‌സലുകള്‍ നല്‍കുക.ഹോട്ടലില്‍ സാമൂഹിക അകലം പാലിച്ച്‌ ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കുക. സീറ്റിന്‌ അനുസൃതമായി മാത്രം ആളുകളെ പ്രവേശിപ്പിക്കുക. ഭക്ഷണം പാചകം ചെയ്യുന്നവരും വിതരണം ചെയ്യുന്നവരും മൂക്കുംവായും മുഴുവനായും മറയുന്ന വിധത്തില്‍ മാസ്‌ക്കും ശരിയായ രീതിയില്‍ ഗ്ലൗസും ധരിക്കുക. കോവിഡ്‌ ലക്ഷണങ്ങള്‍ ഉളളവരെ ഹോട്ടല്‍ ജോലിയില്‍ നിയോഗിക്കരുത്‌. ഹോട്ടല്‍ ജോലിക്കാര്‍ 15 ദിവസത്തിലൊരിക്കല്‍ കോവിഡ്‌ ടെസ്‌റ്റിന്‌ വിധേയരാവുക. പണം ഇടപാടുകള്‍ പരമാവധി ഓണ്‍ലൈന്‍ ആക്കുക. എസി പൂര്‍ണമായും ഒഴിവാക്കുക, ജനാലകളും വാതിലുകളും തുറന്നിടുകയും ഫാന്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുക.

കൂടാതെ സാനിറ്റൈസര്‍ ഉറപ്പാക്കുക, കൃത്യമായ ഇടവേളകളില്‍ സ്ഥാപനം അണുവിമുക്തമാക്കുക, ഉപയോഗിച്ച മാസ്‌ക്കും ഗ്ലൗസും അരമണിക്കൂര്‍ സമയം 1 ശതമാനം ക്ലോറിന്‍ സോലൂഷനില്‍ ഇട്ടുവച്ചശേഷം കുഴിച്ചുമൂടുക. പഴം, പച്ചക്കറി, മത്സ്യ മാര്‍ക്കറ്റുകളില്‍ 2 മീറ്റര്‍ അകലം പാലിക്കുക.മാര്‍ക്കറ്റിനകത്ത്‌ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത്‌ ഒഴിവാക്കുക. അനാവശ്യമായി മാര്‍ക്കറ്റിലേക്ക്‌ പോകാതിരിക്കുക. മൂക്കും വായും മുഴുവനായും മറയുന്ന വിധത്തില്‍ മാസ്‌ക്‌ ധരിക്കുക. മാര്‍ക്കറ്റില്‍ വരുന്നവരുടെ വിവര ശേഖരണത്തിനായി രജിസ്റ്റര്‍ സൂക്ഷിക്കുക.10 വയസില്‍ താഴെയുളള കുട്ടികളും 2 ഡോസ്‌ വാക്‌സിന്‍ എടുക്കാത്ത 65 വയസിന് മുകളില്‍ പ്രായമുളളവരും മാര്‍ക്കറ്റുകളില്‍ പോകാതിരിക്കുക തുടങ്ങിയവയാണ്‌ പുതിയ മാനദണ്ഡങ്ങള്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →