ന്യൂഡൽഹി: മാസ്കില്ല, മാനദണ്ഡമില്ല , കുംഭമേളയ്ക്കു മുന്നിൽ കൊറോണ പ്രതിരോധം സമ്പൂർണമായി പരാജയപ്പെടുകയാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് കൊറോണ രോഗവ്യാപനത്തിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കവേ കുംഭമേള സൃഷ്ടിച്ചേക്കാവുന്നത് വൻ ദുരന്തമായേക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
കുംഭമേളയ്ക്ക് മുന്നോടിയായുള്ള ഷാഹി സ്‌നാന് പങ്കെടുത്ത 102 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മേളയ്ക്ക് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ല. ആർ.ടി.പി.സി.ആർ പരിശോധനാഫലം നിർബന്ധമാക്കിയിരുന്നെങ്കിലും പൊലീസ് പരിശോധന ശക്തമായിരുന്നില്ലെന്നാണ് റിപ്പോർട്ട്.
12/04/21 തിങ്കളാഴ്ച വരെ 28 ലക്ഷം ഭക്തരാണ് ഷാഹി സ്‌നാനിനായി എത്തിയത്. 18,169 ഭക്തരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ 102 പേർക്കാണ് പോസിറ്റീവായത്. ദശലക്ഷക്കണക്കിന് പേർ എത്തുന്ന കുംഭമേളയിൽ സാമൂഹിക അകലം പാലിക്കൽ പോലുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പ്രായോഗികമല്ല. മാത്രമല്ല തെർമൽ സ്‌ക്രീനിങ്ങും നടന്നില്ല. ഭക്തരാരും മാസ്‌കും ശരിയായ വിധത്തിൽ ഉപയോഗിച്ചിരുന്നില്ലെന്നാണ് പുറത്ത് വരുന്ന വിവരം.

