രാജ്യസഭ തെരഞ്ഞെടുപ്പ് മരവിപ്പിക്കാനുളള കാരണം വ്യക്തമാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുളള തെരഞ്ഞെടുപ്പ് മരവിപ്പിക്കാനുളള കാരണം വ്യക്തമാക്കി വിശദീകരണ പത്രിക നല്‍കാന്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കി. രാജ്യസഭ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ നിയമ സഭ സെക്രട്ടറിയും ,എസ് ശര്‍മ്മ എംഎല്‍ എയും നല്‍കിയ ഹര്‍ജികളിലാണ് ജസ്റ്റീസ് പി വി ആശയുടെ ഉത്തരവ്. ഹര്‍ജികള്‍ ഏപ്രില്‍ 9ന് വീണ്ടും പരിഗണിക്കും.

കേരളത്തില്‍ നിന്നുളള രാജ്യസഭാ അംഗങ്ങളായ വയലാര്‍ രവി, കെകെ രാഗേഷ്, പിവി.അബ്ദുള്‍ വഹാബ് എന്നിവരുടെ കാലാവധി കഴിയുന്ന ഒഴിവിലേക്ക് ഈ നിയമ സഭയുടെ കാലയളവില്‍ തന്നെ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. രാജ്യ സഭാംഗങ്ങളുടെ കാലാവധി കഴിയുന്ന ഏപ്രില്‍ 21 നകം വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് കമ്മീഷന്റെ അഭിഭാഷകന്‍ ഇന്നലെ വാദത്തിനിടെ അറിയിച്ചു. എന്നാല്‍ വിജ്ഞാപനം ഇറക്കിയാല്‍ പോരാ കാലാവധി കഴിയും മുമ്പ് തെരഞ്ഞെടുപ്പ നടത്തുകയാണ് വേണ്ടതെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.

എന്നാല്‍ അവശ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ കമ്മീഷന് കഴിയുമെന്ന് വസന്തം പൈ കേസില്‍ മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇലക്ഷന്‍ കമ്മീഷന്‍ മറുപടി നല്‍കി. ഏപ്രില്‍ 12ന് തെരഞ്ഞെടുപ്പ് നടത്താമെന്ന് വ്യക്തമാക്കി മാര്‍ച്ച് 17ന് വാര്‍ത്താക്കുറിപ്പാണ് ഇറക്കിയതെന്നും വിജ്ഞാപനമല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. കേന്ദ്ര നിയമ മന്ത്രവയത്തിന്റെ റഫറന്‍സിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പു നടത്താനുളള തീരുമാനം മരവിപ്പിക്കുകയാണെന്ന് മാര്‍ച്ച 24 ലെ ഉത്തരവില്‍ ഇലക്ഷന്‍ കമ്മീഷന്‍ സൂചിപ്പിച്ചിരുന്നു.

എന്നാല്‍ കോടതിയില്‍ നല്‍കിയ സ്‌റ്റേറ്റ്‌മെന്‍റില്‍ നിയമ മന്ത്രാലയത്തിന്റെ ഇടപെടലിനെക്കുറിച്ച് പറയുന്നില്ലെന്നും ഇലക്ഷന്‍ മരവിപ്പിക്കാനുളള കാരണം വ്യക്തമാക്കുന്നില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഇലക്ഷന്‍ കമ്മീഷന് തെരഞ്ഞെടുപ്പ് നടത്താനുളള അധികാരം സ്വേച്ഛാപരമായി വിനിയോഗിക്കാന്‍ കഴിയില്ലെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →