പമ്പ്ഹൗസിന്റെ സ്ലാബ് തകര്‍ന്ന് കിണറ്റില്‍ വീണ് ജീവനക്കാരന് ദാരുണാന്ത്യം

പാലാ: പമ്പ്ഹൗസിന്റെ സ്ലാബ് തകര്‍ന്ന് കിണറ്റില്‍ വീണ ജീവനക്കാരന് ദാരുണാന്ത്യം. മീനച്ചില്‍ കടയം ശാസ്താസദനം രാജേഷ് (42)ആണ് അപകടത്തില്‍ പെട്ടത്. കിടങ്ങൂര്‍ കാവാലിപുഴ കുടിവെളള പദ്ധതിയുടെ പമ്പ് ഹൗസിലാണ് അപകടം സംഭവിച്ചത്. 04/04/21 ഞായറാഴ്ച രാവിലെ 8 ന് പമ്പ് ഹൗസിലെ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ രാജേഷ് മീറ്ററിന് സമീപമുളള മാന്‍ഹോളില്‍ ചവിട്ടിയതോടെ സ്ലാബ് തകര്‍ന്ന് 15 അടിയോളം താഴ്ചയുളള കിണറ്റിലേക്ക് വീഴുകയായിരുന്നു.നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും രക്ഷാപ്രവര്‍ത്തനം അസാധ്യമായിരന്നു. രണ്ടടി മാത്രം വ്യാസമുളള മാന്‍ഹോളിലൂടെ കിണറ്റിലേക്കിറങ്ങാന്‍ നാട്ടുകാര്‍ക്കായില്ല. വായുസഞ്ചാരമില്ലാത്തതും കൂരിരുട്ടും കൂടുതല്‍ തടസമായി

ഉടന്‍തന്നെ ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും കിണറ്റിലിറങ്ങാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കോട്ടയത്തുനിന്ന് സ്‌കൂബാ ഡൈവ് ടീം എത്തി 9.15 ഓടെയാണ് രാജേഷിന്റെ മൃതദേഹം പുറത്തെടുത്തത് ഏറെ പണിപ്പെട്ട് വലയില്‍ കെട്ടിയാണ് മൃതദേഹം പുറത്തെടുത്തത്. ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പാലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

രണ്ടുമാസം മുമ്പാണ് രാജേഷിന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താല്‍ക്കാലിക നിയമനം ലഭിച്ചത്. രണ്ടു ജീവനക്കാരാണ് പമ്പ്ഹൗസിലുളളത്. മാറിമാറിയാണ് ഡ്യൂട്ടി ചെയ്യുന്നത്. ജില്ലയിലെതന്നെ കാലപ്പഴക്കം ചെന്ന പദ്ധതികളിലൊന്നാണ് കാവാലിപ്പുഴ പദ്ധതി. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും ഇല്ലാതെയാണ ജീവനക്കാര്‍ ജോലി ചെയ്യുന്നത്. മാന്‍ഹോളിന്‍റെയും സ്ലാബിന്റെയും പമ്പ്ഹൗസിന്റെയും ശോച്യാവസ്ഥ പഞ്ചായത്തിലും വകുപ്പിലും പലതവണ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

രാജേഷിന്റെ ഭാര്യ: ഷൈബി,രാമപുരം നെല്ലിയാനികുന്നേല്‍ കുടുംബാംഗം. മക്കള്‍: അമൃതലക്ഷ്മി(6),ആരാധ്യലക്ഷ്മി(1). സംസ്‌കാരം 05/04/21 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കടയത്തെ വീട്ടുവളപ്പില്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →