ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ ക്രിസ്ത്യൻ പള്ളിയിൽ ചാവേര്‍ ബോംബാക്രമണം. ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ 28/03/21 ഓശാന ഞായറാഴ്ച പ്രത്യേക കുര്‍ബാനയ്ക്കിടെയായിരുന്നു ചാവേര്‍ പൊട്ടിത്തെറിച്ചത്. ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
പ്രാദേശിക സമയം രാവിലെ പത്തരയോടെയായിരുന്നു പൊട്ടിത്തെറിയുണ്ടായതെന്നാണ് പള്ളിയിൽ കുര്‍ബാന ചൊല്ലുകയായിരുന്നു വൈദികൻ വിൽഹെമുസ് തുലക് അറിയിച്ചത്. കുര്‍ബാന തീര്‍ന്നയുടൻ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായതായി അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. സൗത്ത് സുലവേസി പ്രവിശ്യയുടെ തലസ്ഥാനമായ മക്കസ്സറിലെ സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് കത്തീഡ്രലിലായിരുന്നു സംഭവമുണ്ടായത്. പള്ളിയ്ക്കു മുന്നിൽ ശരീരഭാഗങ്ങള്‍ ചിതറിക്കടക്കുന്നതിന്റെയും ഒരു ബൈക്ക് കത്തുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചതായി വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തിനു തൊട്ടുമുൻപ് പള്ളിയുടെ ഗേറ്റിനു മുന്നിൽ ബൈക്കിലെത്തിയ രണ്ടു പേര്‍ ഉള്ളിൽ കയറണമെന്ന് ആവശ്യപ്പെട്ട് സുരക്ഷാ ജീവനക്കാരനുമായി ബഹളമുണ്ടാക്കിയതായി വൈദികൻ പറഞ്ഞു. ഇവരാണ് ആക്രമണത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. ഇവരിൽ ഒരാളായിരുന്നു സ്ഫോടനം നടത്തിയത്. പള്ളിയിലെത്തിയ ആരും അപകടത്തിൽ മരണപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചാവേറാക്രമണം നടത്തിയ ഒരാള്‍ മരിച്ചതായും നാല് സുരക്ഷാജീവനക്കാര്‍ക്കും അഞ്ച് സാധാരണക്കാര്‍ക്കും പരിക്കേറ്റതായും സൗത്ത് സുലവേസി പോലീസ് തലവൻ മെര്‍ഡിസ്യം അറിയിച്ചു.