തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുളള പ്രകടന പത്രിക എന്‍ഡിഎ പുറത്തിറക്കി. അധികാരത്തിലെത്തിയാല്‍ പാവങ്ങള്‍ക്ക് പ്രതിവര്‍ഷം 6 സൗജന്യ പാചകവാതക സിലണ്ടര്‍, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ് ടോപ്പ് എന്നീ വാഗ്‌ദാനങ്ങള്‍ പ്രകടന പത്രികയില്‍ മുന്നോട്ടുവയ്‌ക്കുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്‌ക്കറാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ നിയമ നിര്‍മ്മിക്കും. ലൗജിഹാദ് തടയാന്‍ നിയമ നിര്‍മാണം നടത്തും. ക്ഷേമ പെന്‍ഷന്‍ 3500 രൂപയാക്കും. ഒരു കുടുംബത്തില്‍ ഒരാള്‍ക്കുവീതം ജോലി നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
എല്ലാവര്‍ക്കും കുടിവെളളം , വൈദ്യുതി , മുഴുവന്‍ തൊഴില്‍ മേഖലയിലും മിനിമം വേതനം, കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കും, കേരളം ഭീകരവാദ വിമുക്തമാക്കും, ഭൂരഹിതരായ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് കൃഷി ,ചെയ്യാന്‍ 5 ഏക്കര്‍ വീതം ഭൂമി, പട്ടിണിരഹിത കേരളം, ബിപിഎല്‍ വിഭാഗത്തിലെ കിടപ്പുരോഗികള്‍ക്ക് പ്രതിമാസം 5000രൂപ സഹായം, അഴിമതിക്കെതിരെ കടുത്ത നടപടി. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്‌റ്റാഫിന് നല്‍കുന്ന പെന്‍ഷന്‍ നിര്‍ത്തലാക്കും. നീതിന്യയ വ്യവസ്ഥയുടെ പ്രവര്‍ത്തനം ത്വരിത ഗതിയിലാക്കും. കേസുകള്‍ വേഗം തീര്‍പ്പാക്കും. കേരളത്തിലേക്കു വരുന്ന വിദേശ പണം തീവ്രവാദികളുടെ കയ്യിലെത്തുന്നത് കര്‍ശനമായി തടയും തുടങ്ങിയവയാണ് മറ്റുവാഗ്‌ദാനങ്ങള്‍.