മുംബൈ: ജനിതകമാറ്റംവന്ന രണ്ടു കോവിഡ് െവെറസുകള്‍ ചേര്‍ന്നു രൂപപ്പെട്ട പുതിയ വകഭേദത്തിന്റെ സാന്നിധ്യം 18 സംസ്ഥാനങ്ങളില്‍ കണ്ടെത്തിയെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം. ചില സംസ്ഥാനങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നതും പുതിയ വൈറസിന്റെ സാന്നിധ്യവും തമ്മില്‍ ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍നിന്നും ശേഖരിച്ച 10787 സാംപിളുകളാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. ബ്രിട്ടനില്‍ വകഭേദം സംഭവിച്ച വൈറസിന്റെ സാന്നിധ്യം 736 സാംപിളുകളില്‍ കണ്ടെത്തി.
ദക്ഷിണാഫ്രിക്കന്‍ വകഭേദം 34 പേരിലും ബ്രസീല്‍ വകഭേദം ഒരാളിലും കണ്ടെത്തി. ഇതില്‍ 395 പേരും രോഗബാധിതരായത് അഞ്ചു ദിവസത്തിനിടെയാണ്.കഴിഞ്ഞ 18 വരെയുള്ള കണക്കെടുപ്പില്‍ 400 പേരിലാണു ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നത്. അഞ്ചു ദിവസത്തെ ഇടവേളയില്‍ എണ്ണത്തില്‍ അന്‍പതുശതമാനത്തോളം വര്‍ധനയുണ്ടായി. ഇതില്‍ 326 പേരും പഞ്ചാബില്‍നിന്നുള്ളവരാണ്. കഴിഞ്ഞവര്‍ഷം യു.കെയില്‍ കണ്ടെത്തിയ വകഭേദമാണ് ഇവരെ ബാധിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സംസ്ഥാനത്തു യു.കെ. വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും സ്ഥിരീകരിച്ചു.
വൈറസിന്റെ യു.കെ, ദക്ഷിണാഫ്രിക്കന്‍, ബ്രസീലിയന്‍ വകഭേദങ്ങള്‍ക്കു സാംക്രമികശേഷി കൂടുതലാണെന്നു കണ്ടെത്തിയിട്ടുണ്ട്. നേരത്തെ സാര്‍സ്‌കോവ്2 ബാധിച്ചവരിലടക്കം വീണ്ടും വ്യാപിക്കാനുള്ള സാധ്യതയുമുണ്ടെന്നാണു മുന്നറിയിപ്പ്. അതേസമയം ജനിതകമാറ്റം സംഭവിച്ച വൈറസ് രണ്ടാംവട്ടം ബാധിച്ചവര്‍ രാജ്യത്തില്ലെന്നായിരുന്നു രണ്ടാഴ്ചമുമ്പ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്.മാര്‍ച്ച് 20 നു ശേഷം രാജ്യത്തു പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം നാല്‍പ്പതിനായിരമെന്ന നിലയിലാണ്. ഈ സാഹചര്യത്തില്‍ വാക്സിനേഷന്‍ ഊര്‍ജിതമാക്കാനുള്ള തയാറെടുപ്പിലാണു കേന്ദ്രസര്‍ക്കാര്‍.

