തിരുവനന്തപുരം: തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമങ്ങളില്‍ നിന്നെത്തി കവര്‍ച്ച ചെയ്യുന്ന സംഘങ്ങള്‍ കേരളത്തില്‍ സജീവം. കോവിഡ് ഭീതിക്കിടയിലും ജനജീവിതം സാധാരണ ഗതിയിലേക്ക് മടങ്ങിയത് ലാക്കാക്കി മോഷണം ലക്ഷ്യമിട്ട് ധാരാളം പേര്‍ നഗരങ്ങളിലും മറ്റു പ്രദേശങ്ങളിലും എത്തിയിട്ടു ളളതായിട്ടാണ് വിവരം. ക്ഷേത്രങ്ങളില്‍ പൂജകള്‍ക്കും ദര്‍ശനത്തിനുമുളള തിരക്കിനിടെ കവര്‍ച്ച നടത്തുകയെന്ന ഉദ്ദേശത്തോടെയാണ് തിരുട്ടുസംഘക്കാര്‍ ഇവിടേക്ക് വണ്ടി കയറിയിരിക്കുന്നത്.
സിനിമാ നടിമാരെപ്പോലെ അണിഞ്ഞൊരുങ്ങി ആഡംബര കാറില്‍ വന്ന് നഗരത്തിലെ ഏതെങ്കിലും ഒരു സ്‌റ്റോപ്പിലിറങ്ങുന്ന സ്‌ത്രീമോഷ്ടാക്കള്‍ വളരെയാണ്. സ്‌റ്റോപ്പിലിറങ്ങുന്ന ഇത്തരം സ്‌ത്രീകള്‍ ചുറ്റിപ്പറ്റി നിന്ന് യാത്രക്കാരെ നിരീക്ഷിച്ച് ആഭരണങ്ങളോ പണമോ ഉളള ഒരു സ്‌ത്രീയെ ലക്ഷ്യം വയ്‌ക്കും. തുടര്‍ന്ന് അവര്‍ കയറുന്ന ബസില്‍ കയറുകയും ഉന്നം വച്ച ഇരയുടെ ഇടവും വലവും നിന്ന് കൃത്രിമമായ തിരക്കുണ്ടാക്കും. ഉന്തിലും തളളിലും ഇരയുടെ ശ്രദ്ധമാറിയെന്ന് മനസിലാക്കിയാല്‍ മാലയോ, ബാഗില്‍ നിന്ന് പേഴ്‌സോ തന്ത്രപൂര്‍വം കൈക്കലാക്കും. കവര്‍ച്ച നടന്നതായി തിരിച്ചറിയും മുമ്പ് തൊട്ടടുത്ത സ്‌റ്റോപ്പില്‍ ഇറങ്ങുകയും കാറില്‍ കൊണ്ടുവിട്ടയാള്‍ സ്ഥലത്തെത്തി അവരെ അവിടെ നിന്ന് മാറ്റുകയും ചെയ്യും.
കഴിഞ്ഞ ദിവസം നഗരത്തിലെ ബസുകളില്‍ സ്‌ത്രീകളുടെ ബാഗുകളില്‍ നിന്ന് പേഴ്‌സും പണവും ആഭരണങ്ങളും കവര്‍ച്ച ചെയ്‌ത കേസില്‍ പോലീസ് പിടിയിലായ മധുര പുണ്യവാരം കര്‍പ്പകവതി തെരുവില്‍ താമസക്കാരി മാരിയെന്ന ഭവാനി(24)യുടെയും സംഘത്തിന്റെയും മോഷണരീതിയാണിത്. ഇത്തരത്തില്‍ മാന്യമായ വേഷമണിഞ്ഞെത്തുന്ന അന്യസംസ്ഥാനക്കാരായ നിരവധി പേര്‍ പലയിടങ്ങളിലും കറങ്ങുന്നുണ്ട്. അവരെ വലയിലാക്കാനുളള ശ്രമത്തിലാണ് പോലീസ്. ഇത്തരക്കാരെ രക്ഷപെടുത്തി കൊണ്ടുപോകാന്‍ പുരുഷന്മാരുടെ സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്. ഭവാനിയെ ചോദ്യം ചെയ്‌തതില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. വലിയ കൊയ്‌ത് ലക്ഷ്യമിട്ടാണ് ഇത്തരം പിടിച്ചുപറി സംഘങ്ങള്‍ കേരളത്തിലെത്തുന്നത്. കൊയ്‌ത് കഴിഞ്ഞാല്‍ നിമിഷം പോലും നഷ്ടപ്പെടുത്താതെ നാട്ടിലേക്ക് തിരിക്കും.
കഴിഞ്ഞ കുറെനാളായി വട്ടിയൂര്‍ക്കാവ്, ആറ്റിങ്ങല്‍, മംഗലപുരം, പോത്തന്‍കോട് കരമന പേരൂര്‍ക്കട ഭാഗങ്ങളില്‍ നിന്നുളള ബസുകളില്‍ യാത്രക്കാരുടെ സ്വര്‍ണവും പണവും കവര്‍ച്ച ചെയ്യുന്നത് പതിവായിരുന്നു. തുടര്‍ന്ന് വനിതാ ഷാഡോ പോലീസ് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഭവാനി പിടിയിലായത്. ഭവാനി രക്ഷപെടാന്‍ പല തന്ത്രങ്ങളും പയറ്റിയെങ്കിലും വനിത ഷാഡോ സംഘങ്ങള്‍ വിട്ടുകൊടുത്തില്ല. കവര്‍ച്ച നിഷേധിച്ചും കളളപ്പേരും വിലാസവും നല്‍കിയും പോലീസിനെ പറ്റിക്കാന്‍ ഭവാനി നടത്തിയ ശ്രമങ്ങള്‍ എല്ലാം പൊളിഞ്ഞു.
കവര്‍ച്ചക്ക് കൂട്ടിനുണ്ടായിരുന്നവരുടെ പേരും വിലാസവും വെളിപ്പെടുത്താതെ അവസാന നിമിഷം വരെ പിടിച്ചുനിന്ന ഭവാനി കരഞ്ഞും മൂക്കുചീറ്റിയും മലമൂത്ര വിസര്‍ജ്ജനം നടത്തിയും തടിയൂരാന്‍ പണി പലതും പയറ്റിയെങ്കിലും സ്വര്‍ണ്ണവും പണവും നഷ്ട്‌പെട്ടവരെ പോലീസ് വിളിച്ചുവരുത്തുകയും ഭവാനിയെ അവര്‍ തിരിച്ചറിയുകയും ചെയ്‌തതോടെ കളളത്തരങ്ങളെല്ലാം പൊളിഞ്ഞു. 2000രുപ മോഷ്ടിച്ച കേസിലാണ് ഭവാനിയെ അറസ്റ്റ് ചെയ്‌തത്. മറ്റുളളവരുടെ പരാതികളിലും കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്‌ത ഇവരെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കസ്‌റ്റഡിയില്‍ വാങ്ങും . കവര്‍ച്ചക്കായി ഉപയോഗിച്ച വാഹനവും കൂട്ടാളികളേയും കണ്ടെത്താനുളള ശ്രമത്തിലാണ് പോലീസ്.

