കൊല്ലത്ത് കോണ്‍ഗ്രസില്‍ കലാപം. ഡിസിസി ജനറല്‍ സെക്രട്ടിമാര്‍ അടക്കം കൂട്ടരാജി, പൊട്ടിത്തെറിച്ചും കണ്ണീരണിഞ്ഞും മത്സ്യ തൊഴിലാളി സ്ത്രീകളുടെ പ്രതിഷേധം

കൊല്ലം: ബിന്ദുകൃഷ്ണക്ക് സീറ്റ് ‌നിഷേധിക്കുന്നതിനെതിരെ കൊല്ലത്ത് കോണ്‍ഗ്രസില്‍ പ്രിഷേധം ശക്തമായി. ഗ്രൂപ്പ് മറന്ന പ്രതിഷേധമാണ് കൊല്ലത്ത് കാണാന്‍ കഴിഞ്ഞത്. ഡിസിസി ജനറല്‍ സെക്രട്ടറിമാരും കൊല്ലം നിയോജകമണ്ഡലത്തിലെ ബ്ലോക്ക് -മണ്ഡലം സെക്രട്ടറിമാരും രാജി വെച്ചതോടെ പ്രതിഷേധം അണപൊട്ടി. പിസി വിഷ്ണുനാഥിനെ കൊല്ലത്ത് മത്സരിപ്പിക്കാനുളള കോണ്‍ഗ്രസ് നീക്കത്തെ തുടര്‍ന്നാണിത്. വിഷ്ണുനാഥ് കൊല്ലത്ത് മത്സരിക്കുന്നെന്ന വാര്‍ത്ത പരന്നതോടെ രാവിലെ 9 മുതല്‍ തന്നെ ഡിസിസിയിലേക്ക് നേതാക്കളും പ്രവര്‍ത്തകരും എത്തിത്തുടങ്ങി. പ്രതിഷേധം ചെറു ജാഥകളായി. ചില നേതാക്കള്‍ പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ പിന്മാരിയില്ല.

തുടര്‍ന്ന് 11 മണിയോടെ ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍ രാജി പ്രഖ്യാപിച്ചു. സന്ധ്യയോടെ മുല്ലപ്പളളി രാമചന്ദ്രന് രാജിക്കത്തുകള്‍ ഇ-മെയിലായി അച്ചുതുടങ്ങി. രാവിലെ വന്ന ഭൂരിഭാഗം പേരും രാത്രിയിലും ഓഫീസില്‍ തന്നെ നിലയുറപ്പിച്ചു. ഇതിനിടെ യുഡിഎഫ് നേതാക്കള്‍ ബിന്ദുവിനെ ഫോണില്‍ വിളിച്ച് കുണ്ടറയില്‍ മത്സരിക്കണമന്നാവശ്യപ്പെട്ടെങ്കിലും കുണ്ടറയില്‍ മത്സരിക്കരുതെന്ന വാശിയിലായിരുന്നു പ്രവര്‍ത്തകരും നേതാക്കളും. ഇക്കാര്യം അവര്‍ തന്നെ നേതാക്കളെ അറിയിച്ചു. ഡിസിസി ഓഫീസ് ഉദ്ഘാടനം മുതല്‍ നാലരവര്‍ഷക്കാലം കൊല്ലത്ത് പാര്‍ട്ടിയെ നയിച്ച ബിന്ദുവിനെ തളളിമാറ്റി മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് യോജിക്കാന്‍ ഒരാള്‍ക്കുപോലും കഴിഞ്ഞിരുന്നില്ല.

രാവിലെ 11 മണിയോടെയാണ് ബിന്ദുകൃഷ്ണ ഡിസിസി ഓഫീസിലെത്തിയത്. അപ്പോഴേക്കും പ്രവര്‍ത്തകരുടെ പ്രതിഷേധം അണപൊട്ടി. മത്സ്യ തൊഴിലാളി സ്ത്രീകള്‍ കൂട്ടത്തോടെ എത്തി പൊട്ടിത്തെറിച്ചും കണ്ണീരണിഞ്ഞും പ്രതിഷേധം പ്രകടിപ്പിച്ചു. ഇതോടെ ബിന്ദുകൃഷ്ണയും കരച്ചിലില്‍ പങ്ക് ചേര്‍ന്നു. കൂട്ടക്കരച്ചില്‍ ഉയര്‍ന്നതോടെ പല നേതാക്കള്‍ക്കും സങ്കടം സഹിക്കവയ്യാതെയായി. തുടര്‍ന്ന ഉച്ചഭക്ഷണം പോലും മറന്ന് തടിച്ചുകൂടിയ ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍ അടക്കമുളളവര്‍ രാജിക്കത്ത് അയക്കുകയായിരുന്നു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നിരുന്നില്ലെങ്കിലം കൊല്ലത്ത് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് ചുവരെഴുത്തുകള്‍ പോലും ആരംഭിച്ചിരുന്നു. രാമന്‍കുളങ്ങരയില്‍ മേടയില്‍മുക്കിന് സമീപം ഇലങ്കത്ത് ക്ഷേത്രത്തിനടുത്താണ് ചുവരെഴുത്തുളളത്. കൈപ്പത്തി ചിഹ്നവും ചേര്‍ത്തിട്ടുണ്ട്. . തൊട്ടടുത്തുളള മറ്റൊരു മതിലും ഇത്തരത്തിലുളള ചുവരെഴുത്ത് തുടങ്ങിയെങ്കിലും പാതി വഴിയില്‍ നിര്‍ത്തിയിരിക്കുകയാണ് ചിഹ്നം വരക്കുകയും ബിന്ദുവെന്ന് പൂര്‍ത്തിയാകാത്ത നിലയില്‍ എഴുതുകയും ചെയ്തിട്ടുണ്ട്. ബിന്ദുതന്നയാണ് തങ്ങളുടെ സ്ഥാനാര്‍ത്ഥിയെന്ന നിലയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →