കസ്റ്റംസ് സത്യവാങ്മൂലത്തിനെതിരെ സിപിഎം. ഇത് കേരളം ആണെന്നോര്‍ക്കണമെന്നും സിപിഎം

തിരുവനന്തപുരം: ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിക്കും നേരിട്ട് പങ്കുണ്ടെന്ന കസ്റ്റംസ് സത്യവാങ്മൂലത്തിനെതിരെ സിപിഎം. എല്‍ഡിഎഫിന് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന തിരിച്ചറിവ് ബിജെപിയുടെ സമനില തെറ്റിച്ചെന്ന് വ്യക്തമാക്കുന്നതാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്മൂലമെന്ന് സിപിഎം സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും ഈ സര്‍ക്കാരിനുമുളള തിളക്കമേറിയ പ്രതിച്ഛായ ഇക്കൂട്ടരെ വിറളി പിടിപ്പിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമായി ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്തവരായി കേന്ദ്രം ഭരിക്കുന്നവര്‍ മാറിയെന്നും വ്യക്തമാക്കുന്നതാണ് കസ്റ്റംസ് കൊടുത്ത പ്രസ്താവന. തെരഞ്ഞടുപ്പ് പ്രചാരവേലയുടെ ഉപകരണങ്ങളായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അധഃപ്പതിച്ചിരിക്കുന്നു. ജനങ്ങള്‍ വിഢികളാണെന്ന് കരുതരുത്. യുഡിഎഫ് ബിജെപി കൂട്ടുകെട്ട് നടത്തുന്ന ഈ വെല്ലുവിളിക്ക് കേരളം ശക്തമായ മറുപടി നല്‍കും. പ്രതികളിലൊരാള്‍ കോടതിയില്‍ മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയില്‍ പറഞ്ഞതാണെന്ന രീതിയില്‍ മാസങ്ങള്‍ക്കുശേഷം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഹൈക്കോടതിയില്‍ കസ്റ്റംസ് പ്രസ്താവന നല്‍കുന്നതിന്റെ ഉദ്ദേശം പകല്‍പോലെ വ്യക്തമാണ് . ഇത് പരസ്യമായ ചട്ടലംഘനവും അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗവുമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ കുറെക്കാലമായി ബിജെപിയും കോണ്‍ഗ്രസും ഉയര്‍ത്തിയ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ കോടതികളില്‍ പ്രസ്താവനകളും സത്യവാങ്മൂലങ്ങളുമായി എഴുതിക്കൊടുക്കുന്ന പണിയാണ് ഇഡിയും കസ്റ്റംസും സിബിഐയും ചെയ്യുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

സ്വര്‍ണ്ണകടത്ത് അന്വേഷിക്കാന്‍ വന്ന ഏജന്‍സികള്‍ക്ക് ഇതുവരെയും ഇതുസംബന്ധിച്ച ഒന്നും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. പുകമറകള്‍ സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുളള ശ്രമം തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങല്‍ പരാജയപ്പെടുത്തിയതാണ് അതില്‍ നിന്നും പാഠം പഠിക്കാതെ തരം താണ കളിക്ക് നില്‍ക്കുന്നവര്‍ ഇത് കേരളമാണെന്ന് ഓര്‍ക്കണമെന്നും പ്രസ്താവന പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →