ഉന്നതങ്ങളിൽ പിടിമുറുക്കി കസ്റ്റംസ്, ഡോളര്‍ കടത്ത് കേസ്, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് നോട്ടീസ് , ഈ മാസം 12 ന് നേരിട്ട് ഹാജരാവണം

കൊച്ചി: ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണന് കസ്റ്റംസിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിനായി ഈ മാസം 12ന് നേരിട്ട് ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ 05/03/21 വെള്ളിയാഴ്ച ഹൈക്കോടതിയിൽ കസ്റ്റംസ് ഹൈക്കമ്മീഷണർ നൽകിയ സത്യവാങ്മൂലത്തിൽ ഡോളർക്കടത്തിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്കും പങ്കുണ്ടെന്ന് പറയുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്പീക്കറോട് നേരിട്ട് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാവാനാവശ്യപ്പെട്ട് വെളളിയാഴ്ച രാത്രി നോട്ടീസ് അയച്ചിരിക്കുന്നത്. നേരത്തെ ഈ കേസിൽ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

മുഖ്യമന്ത്രിക്കും സ്പീക്കർക്കും ഡോളർ കടത്തിൽ നേരിട്ട് ബന്ധമുണ്ടെന്ന് 164 പ്രകാരം സ്വപ്ന നൽകിയ മൊഴിയിൽ ഉണ്ടെന്നാണ് കസ്റ്റംസിന്റെ സത്യവാങ്മൂലത്തിലുള്ളത്. മുൻ കോൺസൽ ജനറലുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇവർ തമ്മിൽ അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാനത്തെ മൂന്ന് മന്ത്രിമാർക്കുകൂടി ഈ ഇടപാടുകളിൽ പങ്കുണ്ട്. പല ഇടപാടുകളിലും കമ്മീഷൻ നൽകിയിട്ടുണ്ടെന്നും സ്വപ്നയുടെ മൊഴി പ്രകാരം കസ്റ്റംസ് അറിയിച്ചിട്ടുണ്ട്.

കോൺസുൽ ജനറലുമായുള്ള ഇടപെടലുകളിൽ തർജ്ജമ ചെയ്തിരുന്നത് താനാണെന്നും സ്വപ്ന പറയുന്നു. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിയുന്നതെന്നും സ്വപ്ന മൊഴി നൽകിയതായി കസ്റ്റംസിന്റെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

Share
അഭിപ്രായം എഴുതാം