ഇഡിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് മുഖ്യമന്ത്രിയുടെ കത്ത്, കേന്ദ്ര മന്ത്രിമാരുടെ നിർദേശപ്രകാരം അന്വേഷണ ഏജൻസികൾ പെരുമാറ്റച്ചട്ടം ലംഘിക്കുന്നൂവെന്ന് ആക്ഷേപം

തിരുവനന്തപുരം: കേന്ദ്രമന്ത്രിമാരുടെ നിര്‍ദ്ദേശത്തിന് വഴങ്ങിയാണ് അന്വേഷണ ഏജന്‍സികള്‍ കേരളത്തിലെത്തിയതെന്നും ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. 03/03/21 ബുധനാഴ്ചയാണ് മുഖ്യമന്ത്രി കത്തയച്ചത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടര്‍ച്ചയായി സര്‍ക്കാര്‍ സ്ഥാപനമായ കിഫ്ബിയിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയാണ്. വനിതാ ഉദ്യോഗസ്ഥരോട് പോലും മര്യാദയില്ലാതെയാണ് പെരുമാറിയത്. 2019 മെയ് മാസം കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ടിന്റെ കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. ഇത് ഇപ്പോള്‍ സംഭവിച്ച കാര്യമല്ല. ഇതിന് യാതൊരു അടിയന്തിര സ്വഭാവവും ഇല്ല. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഫെബ്രുവരി 28ന് കൊച്ചിയില്‍ ബിജെപി പ്രചാരണ യോഗത്തില്‍ നടത്തിയ പ്രസംഗം അവരുടെ രാഷ്ട്രീയ ഇടപെടലിന്റെ സൂചനയാണ്. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെയും സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റിനെയും ആക്രമിച്ചുകൊണ്ടാണ് അവര്‍ സംസാരിച്ചത്. അന്വേഷണ കാര്യത്തില്‍ ഇ ഡി കാണിക്കുന്ന അനാവശ്യ ധൃതിയും മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി കൊടുക്കുന്നതും ഇത്തരത്തിലുള്ള രാഷ്ട്രീയ ഇടപെടലിന്റെ ഫലമാണ്.

നിര്‍മ്മലാ സീതാരാമന്‍ നയിക്കുന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ കീഴിലാണ് ഇ.ഡി പ്രവര്‍ത്തിക്കുന്നത്. ഒരു കേസില്‍ സാക്ഷികളെ വിളിച്ചു വരുത്തുന്നത് വിവരങ്ങളും തെളിവുകളും ശേഖരിക്കുന്നതിനാവണം. എന്നാല്‍ ഇവിടെ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി മാധ്യമ പ്രചാരണത്തിനാണ് ഇത്തരം വിവരങ്ങള്‍ ഉപയോഗിക്കുന്നത്. മാര്‍ച്ച് രണ്ടിന് ഇലക്ട്രോണിക് മീഡിയ റിപ്പോര്‍ട്ട് ചെയ്തത് കിഫ്ബി സിഇഒക്ക് സമന്‍സ് നല്‍കി എന്നാണ്. എന്നാല്‍ ഇതുവരെ അദ്ദേഹത്തിന് ഇത്തരത്തില്‍ സമന്‍സ് ലഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് അന്തരീക്ഷം വഷളാക്കാനാണ് ഇത്തരത്തില്‍ മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നത്.

ഉദ്യോഗസ്ഥരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ നഷ്ടപ്പെടുത്തുന്ന രീതിയിലാണ് കേന്ദ്ര ധനമന്ത്രിയുടെ ഇടപെടല്‍. അന്വേഷണ ഏജന്‍സികളുടെ അധികാരം കേന്ദ്ര ഭരണകക്ഷിയുടെയും കേരളത്തിലെ പ്രതിപക്ഷത്തിന്റെയും തെരഞ്ഞെടുപ്പ് നേട്ടത്തിനു വേണ്ടി ദുരുപയോഗം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അന്വേഷണ ഏജന്‍സികള്‍ നിയമത്തിന്റെ അന്തസ്സത്തക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍ ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →