ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടുമായുള്ള (ഐ.എസ്.എഫ്) കോണ്‍ഗ്രസ് സഖ്യത്തിനെതിരേ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ആനന്ദ് ശര്‍മ.സി.പി.എം. നേതൃത്വത്തിലുള്ള മുന്നണിയെ വര്‍ഗീയകൂട്ടുകെട്ട് എന്നാണ് ശര്‍മ്മ വിശേഷിപ്പിച്ചത്.
അബ്ബാസ് സിദ്ദിഖി നയിക്കുന്ന ഐ.എസ്.എഫ് ഗാന്ധിയന്‍ തത്വങ്ങള്‍ക്കും നെഹ്റുവിന്റെ മതേതരകാഴ്ചപ്പാടിനും എതിരാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആനന്ദ് ശര്‍മയുടെ വിമര്‍ശനം ‘ബി.ജെ.പിയുടെ ഭിന്നിപ്പിക്കല്‍ അജണ്ടയെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്യുന്നതെ’ന്ന് അധിര്‍ രഞ്ജന്‍ ചൗധരി മറുപടി പറഞ്ഞു. സിദ്ദീഖിയുടെ പാര്‍ട്ടിക്ക് പുറമെ, ഇടത് പാര്‍ട്ടികളുമായി ചേര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വമ്പന്‍ റാലി നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആനന്ദ് ശര്‍മയുടെ കുറ്റപ്പെടുത്തല്‍. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ സഖ്യം ഒന്നിച്ചായിരിക്കും മത്സരിക്കുക.കൂട്ടുകെട്ടുണ്ടാക്കാന്‍ പി.സി.സി. ഒറ്റയ്ക്കു തീരുമാനമെടുത്തതല്ലെന്നും എല്ലാം കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയാണെന്നും ചൗധരി വ്യക്തമാക്കി. ബംഗാളില്‍ കോണ്‍ഗ്രസിന് അതിന്റെ സീറ്റുകള്‍ കിട്ടി. പുതുതായി വന്ന ഐ.എസ്.എഫിന് ഇടതുപക്ഷമാണ് സീറ്റുകള്‍ വിട്ടുകൊടുക്കുന്നത്. സി.പി.എം. നേതൃത്വത്തിലുള്ള മുന്നണിയെ വര്‍ഗീയകൂട്ടുകെട്ട് എന്ന് ആനന്ദ് ശര്‍മ വിശേഷിപ്പിക്കുന്നത് ബി.ജെ.പിയുടെ വിഘടനനയത്തിന് ഊര്‍ജ്ജമേകാനേ ഉപകരിക്കൂവെന്നും ചൗധരി തിരച്ചടിച്ചു. വര്‍ഗീയയ്ക്കെതിരേ ”സെലക്ടീവ് ” ആയി പോരാടാന്‍ പറ്റില്ലെന്ന ആനന്ദ് ശര്‍മയുടെ വാക്കുകള്‍ക്കാണ് ഈ മറുപടി.
കേരളത്തില്‍ കോണ്‍ഗ്രസിനു മുസ്ലിം ലീഗുമായി സഖ്യമാകാമെങ്കില്‍ പശ്ചിമബംഗാളില്‍ എന്തുകൊണ്ട് ഐ.എസ്.എഫുമായി പറ്റില്ലെന്ന് സി.പി.എം. നേതാവ് മുഹമ്മദ് സലീം ചോദിച്ചു. ആനന്ദ് ശര്‍മയുടേത് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നമാണ്. അത് അവരുടെ തലവേദനയാണ്. ഞങ്ങളുടേതല്ല എന്നാണ് സലിമിന്റെ പ്രതികരണം.



