തിരുവനന്തപുരം: കേരളത്തിലെ ഭൂരഹിതരുടെ പ്രശ്നങ്ങളിലേക്ക് ശ്രദ്ധതിരിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. കേരളത്തില്‍ ഭരണം നടത്തുന്ന ഇരുമുന്നണികളുടേയും വികസന നയത്തെ അദ്ദേഹം വിമര്‍ശിച്ചു. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദളിതരുടെയും ആദിവാസികളുടെയും ഭൂപ്രശ്നങ്ങൾ ഉയര്‍ത്തുന്നതില്‍ ഇരുമുന്നണികളും പരാജയപ്പെട്ടിരിക്കുന്നതായി അദ്ദേഹം ആരോപിച്ചു. തട്ടിക്കൂട്ടുകമ്പനികള്ക്കും സമുദായ നേതാക്കള്‍ക്കും വരേണ്യ വര്‍ഗ്ഗ ക്ലബ്ബുകള്‍ക്കും ഒക്കെ ഏക്കര്‍ കണക്കിന് ഭൂമി ദാനം ചെയ്യാന്‍ ഇവിടെ ഭൂമി സുലഭമാണ്. പക്ഷെ ഭൂരഹിതര്‍ക്ക് കൊടുക്കാന്‍ ഭൂമിയില്ലപോലും. അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ മുന്നണികളും പതിവ് നേര്‍ച്ചകളായ യാത്രകളും അതിന്റെ ഭാഗമായി പൗര പ്രമുഖരുമായുളള കൂടികാഴ്ചകളും ഒക്കെ നടത്തി. ഇതിലൊക്കെ എവിടെയാണ് സമൂഹത്തിലെ അരികുവല്‍ക്കരിക്കപ്പെട്ടു കഴിയുന്ന ദളിതരും ആദിവാസികളും. അവരുടെ ഭൂപ്രശ്നങ്ങള്‍ ആരെങ്കിലും ഉയര്‍ത്തുന്നുണ്ടോ? നമ്മുടെ വികസനത്തില്‍ ദളിതരും ആദിവാസികളും എന്ന് എണ്ണപ്പെടും . പൗരപ്രമുഖരില്‍ എന്ന് ഈ സമൂഹങ്ങള്‍ക്കും പ്രതിനിധ്യം ലഭിക്കും. ‘കട’ പ്പുറത്ത് നമ്മള് കെട്ടിപ്പൊക്കുന്ന വികസനം ആരുടെ വികസനമാണ്. ഈ ചോദ്യങ്ങള്‍ പോലും നമ്മുടെ പൊതു രാഷ്ട്രീയ ‘discours’ ല്‍ നിന്ന് അപ്രത്യക്ഷമാകുന്നത് ആശങ്ക ഉണര്‍ത്തുന്നതായും അദ്ദേഹം ഫെയ്സ്ബക്കില്‍ കുറിച്ചു.

