ഗംഗുഭായിയുടെ ജീവിതം പറയുന്ന കഥ. സ്ക്രീനിൽ എത്തുന്നതിനുമുമ്പ് അറിഞ്ഞിരിക്കേണ്ടത്

മുംബൈ: ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗംഗു ഭായ് കത്ത്യാവാടി. ഒരു സെക്സ് വർക്കറും മാഫിയ ക്വീനുമായ ഗംഗുഭായിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ ചിത്രമൊരുങ്ങുന്നത്. 2019 ഡിസംബർ മുതൽ ബോളിവുഡിൽ നിന്നും നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന പേരാണ് ഗംഗു ഭായി കത്ത്യാവാടിയുടെത് .

മാഫിയ ക്വീൻസ് ഓഫ് മുംബൈ, ഓഫ് വിമൺ ഫ്രം ദ ഗ്യാങ്ലാൻഡ്സ് എന്നപേരിൽ ഹുസൈൻ സെയ്ദി, ജെയിൻ ബോർഗസ് എന്നിവർ രചിച്ച പുസ്തകത്തിലാണ് ഗംഗുഭായിയുടെ ജീവിതം പറയുന്നത്. ബോംബെ നഗരത്തെ വിറപ്പിച്ച 13 വനിതകളുടെ ജീവിതത്തിലൂടെയുള്ള യാത്രയായ ഈ പുസ്തകത്തിലെ ഒരു അധ്യായമാണ് സഞ്ജയ് ലീല ബൻസാലിയുടെ സിനിമയ്ക്ക് പ്രചോദനമായത്.

ആരായിരുന്നു ഗംഗു ഭായി:
ഗുജറാത്തിലെ കത്ത്യാ വാടിയിൽ ജനിച്ച ഗംഗു ഭായിയുടെ യഥാർത്ഥ പേര് ഗംഗഹർജിവാണ്ട എന്നായിരുന്നു. ചെറുപ്പം മുതലേ സിനിമയിൽ അഭിനയിക്കാനും ഒരു നടി ആകാനും ആഗ്രഹിച്ചിരുന്ന ഗംഗയെ ജീവിത അനുഭവങ്ങൾ നേരെ എതിർദിശയിലേക്ക് ആണ് കൊണ്ടുപോയത്. ചെറുപ്പത്തിൽ സംഭവിച്ച ഒരു പ്രണയവും അയാൾക്കൊപ്പം ജീവിക്കാൻ എടുത്ത തീരുമാനവുമാണ് ഗംഗയുടെ ജീവിതം മാറ്റിമറിച്ചത്. ഭർത്താവിനൊപ്പം പുതിയൊരു ജീവിതം ആഗ്രഹിച്ച മുംബൈയിലെത്തിയ ഗംഗയെ 500 രൂപയ്ക്ക് അയാൾ വിൽക്കുകയായിരുന്നു. ചുവന്ന തെരുവിലെ തന്റെ ജീവിതത്തിന്റെ ആദ്യനാളുകൾ ഗംഗക്ക് കയ്പേറിയ അനുഭവങ്ങളാണ് സമ്മാനിച്ചത്. ചതിയിലകപ്പെട്ടു കാമാത്തിപുരയിൽ എത്തിയശേഷം ലൈംഗികത്തൊഴിലിൽ ഏർപ്പെടേണ്ടി വന്ന ഗംഗ 1960-കളിൽ കാമാത്തിപുര അടക്കിഭരിക്കുന്ന ഗംഗുഭായി ആയി മാറുകയായിരുന്നു, ചതിയിൽ പെട്ട് കാമാത്തിപുരയിൽ എത്തുന്ന പെൺകുട്ടികൾക്ക് സംരക്ഷണം നൽകുകയും അതോടൊപ്പം ലൈംഗിക തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടിയും പ്രവർത്തിച്ചിരുന്ന ഇവരെ കുറിച്ച് ഹുസൈനിന്റെ പുസ്തകത്തിൽ തെറ്റായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പുസ്തകത്തിൽ പറയുന്നതുപോലെ പോലെ ഇവർ ഒരു മാഫിയാ ക്വീനോ വേശ്യാലയം നോക്കിനടത്തുന്ന സ്ത്രീയോ ആയിരുന്നില്ല എന്ന വാദം അവരുടെ മകൻ ഉന്നയിച്ചിരുന്നു.

ഗംഗു ഭായി കത്ത്യാവാടി ബിഗ് സ്ക്രീനിൽ എത്തുന്നതോടെ ആലിയ ഭട്ടിന്റെ സിനിമ ജീവിതത്തിൽ ഇതുവരെ ചെയ്തിട്ടില്ലാത്തതും, കണ്ടിട്ടില്ലാത്തതുമായ ശക്തമായ സ്ത്രീ കഥാപാത്ര അവതരണത്തെ സ്ക്രീനിൽ കാണാൻ സാധിക്കും. ഏറെ വിവാദങ്ങൾക്കു ശേഷം റിലീസിനൊരുങ്ങുന്ന ഈ സിനിമ ജൂലൈ 30 ന് തിയേറ്ററിലെത്തും. ചിത്രത്തിനും, ചിത്രത്തിന്റെ സംവിധായകനും, ആലിയ ഭട്ടിനും എതിരെ ചിത്രത്തിലെ ചില ഭാഗങ്ങൾ അപകീർത്തിപ്പെടുത്തുന്നതും സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവും ആണെന്ന് ആരോപിച്ചു കൊണ്ട് ഗംഗു ഭായിയുടെ വളർത്തുമകൻ കേസ് നൽകിയിരുന്നു.

Share
അഭിപ്രായം എഴുതാം