റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുതുച്ചേരി എംഎൽഎ മാരെ ബിജെപി ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കയ്യിലുണ്ടെന്ന് അധികാരം നഷ്ടമായ മുഖ്യമന്ത്രി വി നാരായണസ്വാമി

February 25, 2021 - 9:43 am

ന്യൂഡല്‍ഹി: പുതുച്ചേരിയില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമായത് ബിജെപിയുടെ ഭീഷണി മൂലമാണെന്ന് മുന്‍ മുഖ്യമന്ത്രി വി നാരായണസ്വാമി. പാര്‍ട്ടി എംഎല്‍എമാരെ ബിജെപി ഭീഷണിപ്പെടുത്തിയെന്നും അതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും നാരായണസ്വാമി 24/02/21 ബുധനാഴ്ച ഒരു ദേശീയ ചാനലിനോട് വ്യക്തമാക്കി.

‘കഴിഞ്ഞ നാലരവര്‍ഷക്കാലം എന്റെ ഒപ്പം പ്രവര്‍ത്തിച്ച എംഎല്‍എമാരാണ് ഇക്കാര്യം അറിയിച്ചത്. അവരെ ഭീഷണിപ്പെടുത്തി. അതിന്റെ തെളിവുകള്‍ എന്റെ കയ്യിലുണ്ട്. രാഷ്ട്രീയ പ്രതിസന്ധികള്‍ ഉണ്ടാവുന്നതിന് മുമ്പുതന്നെ ഒരു എംഎല്‍എ ഇക്കാര്യം എന്നെ ധരിപ്പിച്ചിരുന്നു. അദ്ദേഹത്തിനുമേല്‍ 22 കോടി ടാക്‌സ് ചുമത്തിയെന്നും പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചില്ലെങ്കില്‍ അതടക്കേണ്ടിവരുമെന്ന് സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു’, നാരായണസ്വാമി പറഞ്ഞു.

ബിജെപി പണം ഉപയോഗിച്ച് എംഎല്‍എമാരെ സ്വാധീനിക്കുകയാണെന്നും അവര്‍ മണി പവര്‍ കാണിക്കുകയാണെന്നും നാരായണസ്വാമി നേരത്തെ ആരോപണം ഉയര്‍ത്തിയിരുന്നു. ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പമാണ്. പണം ഉപയോഗിച്ച് കളിക്കുന്ന ബിജെപിയ്ക്ക് ജനം മറുപടി നല്‍കുമെന്നും പുതുച്ചേരിയില്‍ കോണ്‍ഗ്രസ്- ഡിഎംകെ സഖ്യം തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്ന് നാല് എംഎല്‍എമാര്‍ പെട്ടെന്ന് രാജിവെച്ചതിനെ തുടര്‍ന്നാണ് പുതുച്ചേരി ഗവര്‍ണര്‍ ഫെബ്രുവരി 22ന് വിശ്വാസ വോട്ടെടുപ്പിന് ആഹ്വാനം ചെയ്തത്. വോട്ടെടുപ്പിന് മണിക്കൂറുകള്‍ക്ക് മുമ്പ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് കെ ലക്ഷ്മിനാരായണന്റെയും ഡിഎംകെ എംഎല്‍എ വെങ്കിടേഷന്റെയും രാജി കോണ്‍ഗ്രസ്- ഡിഎംകെ സഖ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരുന്നു.

നിയമസഭയിലെ കക്ഷിനില 28 ആയിരിക്കെ 15 എംഎല്‍എമാരുടെ പിന്തുണയാണ് കേവലഭൂരിപക്ഷം നേടാന്‍ സര്‍ക്കാരിന് ആവശ്യമായിരുന്നത്. സ്പീക്കര്‍ അടക്കം കോണ്‍ഗ്രസിന് ഒമ്പതും, ഡിഎംകെക്ക് രണ്ടും ഐഎന്‍ഡിക്ക് 1 എംല്‍എയുമാണുണ്ടായിരുന്നത്. ഇതില്‍ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതോടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാവുകയായിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *