പിണറായി വിജയനെതിരെ മത്സരിക്കാന്‍ തയ്യാറെന്ന് ഷുഹൈബിന്റെ പിതാവ്

മട്ടന്നൂര്‍ : കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞാല്‍ ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ ഷുഹൈബിന്റെ പിതാവ് സിപി മുഹമ്മദ്. എന്നാല്‍ നേതൃത്വം ഇതുവരെ നിര്‍ദ്ദേശമൊന്നും നല്‍കിയിട്ടില്ലെന്നും മുഹമ്മദ് മാദ്ധ്യമങ്ങളോട് പറഞ്ഞു.പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന സമൂഹമ മാദ്ധ്യമങ്ങളിലെ പ്രചരണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ധര്‍മ്മടത്തോ തലശ്ശേരിയിലോ പാര്‍ട്ടി പറഞ്ഞാല്‍ താനോ തന്റെ കുടുംബത്തില്‍ നിന്നുളളവരോഎവിടെ വേണമെങ്കിലും മത്സരിക്കാന്‍ തയ്യാറാണ്. എന്നാല്‍ മത്സരിക്കണമെന്ന ആവശ്യം ഇതുവരെ ഉയര്‍ന്നിട്ടില്ല. തീരുമാനം പാര്‍ട്ടിയിയുടേതാണെന്നും ഭരണ തുടര്‍ച്ചയുണ്ടായാല്‍ തനിക്ക് നീതി ലഭിക്കല്ലെന്നും മുഹമ്മദ് പ്രതികരിച്ചു.

ഷുഹൈബിന്‍റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ കോടതി പറഞ്ഞിട്ടും സര്‍ക്കാര്‍ രേഖകള്‍ കൈമാറാന്‍ തയ്യാറായിട്ടില്ല. നിലവിലെ അന്വേഷണം തൃപ്തികരമാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഷുഹൈബിന്‍റെ കൊലപാതകത്തില്‍ ഗൂഡാലോചന നടത്തിയവര്‍ ഇപ്പോഴും പുറത്തു വിലസുന്നു. ഖജനാവില്‍നിന്ന് പണം മുടക്കി സര്‍ക്കാര്‍ കൊലപാതകികളെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

2016 ല്‍ 36905 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പിണറായി വിജയന്‍ ജയിച്ച മണ്ഡലമാണ് ധര്‍മ്മടം. ഇത്തവണ നാല്‍പ്പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇടതുമുന്നണി. അങ്ങനെയുളള ധര്‍മ്മടത്ത് ശക്തനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുളള ശ്രമത്തിലാണ് യുഡിഎഫ്. ഈ സാഹചര്യത്തിലാണ് ഷുഹൈബിന്റെ പിതാവിന്റെ പേര് സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നു കേള്‍ക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

2018ലാണ് കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഡഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട രണ്ടുപേരെ സിപിഎം ല്‍ നിന്ന് പുറത്താക്കിയിരുന്നു.

Share
അഭിപ്രായം എഴുതാം