കേരളത്തിൽ എത്ര കയർ ഉല്പാദിപ്പിച്ചാലും സർക്കാർ സംഭരിക്കും: മുഖ്യമന്ത്രി

* വെർച്വൽ പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിക്കുന്ന കയർ കേരള 2021 ന് തുടക്കം
തിരുവനന്തപുരം: ആഭ്യന്തരമായി എത്ര കയർ ഉൽപ്പാദിപ്പിച്ചാലും സംസ്ഥാന സർക്കാർ അതു സംഭരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വെർച്വൽ പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിക്കുന്ന കയർ കേരള 2021 ന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പരമ്പരാഗത വ്യവസായമായ കയർ വ്യവസായത്തിൽ യന്ത്രവൽക്കരണവും ആധുനികീകരണം അത്യാവശ്യമാണെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുണ്ട്. പരമ്പരാഗത തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ടുള്ള യന്ത്രവൽക്കരണമാണ് സർക്കാർ കേരളത്തിൽ നടപ്പിലാക്കുക. പരമ്പരാഗത തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കും. ഈ സർക്കാരിന്റെ കാലയളവിൽ കയർതൊഴിലാളികളുടെ ശരാശരി വാർഷിക വരുമാനം ഇരട്ടിയായി. 585 കയർ സംഘങ്ങളിൽ 385 എണ്ണം പ്രവർത്തന ലാഭത്തിലായി.

കയർ മേഖല  ഉൽപാദന വർധനവിന്റെ പാതയിലാണ്. രണ്ടാം കയർ പുനസംഘടന കയറിന്റെ പ്രൗഢി തിരിച്ചുകൊണ്ടുവന്നു. കയർ കേരള കോവിഡിന് ശേഷമുള്ള കയർ വ്യവസായത്തിന്റെ  വളർച്ചയ്ക്കു സഹായകരമാകും. നാനൂറോളം ഉപഭോക്താക്കൾ കയർകേരള ഫെസ്റ്റിൽ പങ്കെടുക്കുന്നു. അതിൽ നൂറുപേർ വിദേശത്തുനിന്നുള്ളവരാണെന്നത് ഏറെ പ്രതീക്ഷ നൽകുന്നു.
കയർഫെഡിന്റെ കയർ സംഭരണ കണക്കുകൾ തന്നെ ഈ വ്യവസായത്തിന് ഉണ്ടായ വളർച്ച വ്യക്തമാക്കുന്നു. കയർ ഉത്പാദനം എഴുപതിനായിരം ക്വിന്റലിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം രണ്ടു ലക്ഷത്തിലേക്ക് വർധിച്ചു. ഈ സാമ്പത്തിക വർഷം ഉൽപ്പാദനം നാല് ലക്ഷം ക്വിന്റലിലേക്കു ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചകിരി 42 ശതമാനത്തോളം ആഭ്യന്തര വിപണിയിൽ നിന്ന് തന്നെ കണ്ടെത്താനാവുക എന്നത് വലിയ കാര്യമാണ്. 157 പുതിയ ചകിരി മില്ലുകൾ സ്ഥാപിച്ചു. കയർ വ്യവസായം മടങ്ങിയെത്തുന്ന പ്രവാസികൾക്കും വൻ സാധ്യതകൾ തുറക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പി.എം.ജി.എസ്.വൈ. റോഡുകളുടെ നിർമാണത്തിന് 10 ശതമാനം ജിയോടെക്സ്റ്റയിൽസ് ഉപയോഗിക്കുന്നത് കയറിന് വലിയ വിപണിയൊരുക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ധനം-കയർ വകുപ്പു മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. പി.എം.ജി.എസ്.വൈ. റോഡ് നിർമാണത്തിന് 10 ശതമാനം കയർ ഉത്പന്നം ഉപയോഗിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉറപ്പുനൽകിയിട്ടുണ്ട്. റോഡ് സംരക്ഷണത്തിനായി കയർ ഉത്പന്നം നൽകുന്നതിനൊപ്പം ഇവ സ്ഥാപിക്കുന്ന സാങ്കേതിക വിജ്ഞാനവും നമ്മൾ നൽകണം. കയർമേഖലയ്‌ക്കൊപ്പം സാങ്കേതികജ്ഞാനം നൽകുന്ന സ്റ്റാർട്ടപ്പുകൾക്കും ആഭ്യന്തര വിപണിയിൽ വലിയ അവസരം ഇതിലൂടെ ഒരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ നടന്ന ചടങ്ങിൽ പവലിയന്റെ ഉദ്ഘാടനം അഡ്വ. എ.എം. ആരിഫ് എം.പി. നിർവഹിച്ചു. കയർ അപ്പക്‌സ് ബോഡി വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ മുഖ്യപ്രഭാഷണം നടത്തി. കയർ വികസന ഡയറക്ടർ വി.ആർ. വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു. ഫെബ്രുവരി 21 വരെ നടക്കുന്ന കയർകേരളയിൽ 200 ൽ പരം വെർച്വൽ സ്റ്റാളുകളാണുള്ളത്.
പി.എൻ.എക്സ്. 849/2021

Share
അഭിപ്രായം എഴുതാം