റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അയൽവീട്ടിൽ പോയ അഞ്ച് പൂച്ചകൾ ചത്തു , വീട്ടമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തു

February 7, 2021 - 12:44 pm

കോഴിക്കോട്: വീട്ടമ്മ വളർത്തിയ അഞ്ച് പൂച്ചകള്‍ ചത്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. മുണ്ടിക്കൽതാഴം എടത്തിൽ വീട്ടിൽ പരേതനായ ജയകൃഷ്ണന്റെ ഭാര്യ ഇ കെ ഹേനയുടെ പൂച്ചകളാണ് ചത്തത്. അയല്‍വാസിയുടെ വീട്ടില്‍ പോയ പൂച്ചകൾ ഒന്നൊന്നായി ചത്തുപോവുകയായിരുന്നൂവെന്ന് ഹേന പറയുന്നു . ഹേനയുടെ പരാതിയില്‍ അയൽവാസിയായ തറ്റാംകൂട്ടിൽ സന്തോഷിന്റെ പേരിലാണ്  പോലീസ് കേസെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസാണ് കേസെടുത്തത്. 

മൃഗങ്ങളോടുള്ള ക്രൂരതയ്ക്കാണ് കേസ്. കഴിഞ്ഞ ഫെബ്രുവരി ഒന്നിന് രാത്രി പത്തുമണിയോടെ അയൽവീട്ടിൽനിന്ന്  തിരിച്ചെത്തിയ കറുത്ത പൂച്ചയാണ് ആദ്യം മുറ്റത്ത് പിടഞ്ഞുചത്തത്. തുടർന്ന് രണ്ട് പൂച്ചക്കുട്ടികൾകൂടി  വായിൽനിന്ന് നുരയുംപതയും വന്ന് ചത്തു. തൊട്ടടുത്തദിവസമാണ് നാലാമത്തെ പൂച്ചയും ചാകുന്നത്.  അഞ്ചാമത്തെ പൂച്ച അയൽക്കാരന്റെ വീട്ടിൽത്തന്നെ ചത്ത് കിടക്കുകയായിരുന്നു.

നാലാമത്തെ പൂച്ചയും ചത്തതോടെയാണ് ഹേന മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയത്. പൂച്ചശല്യം  തുടർന്നാൽ വിഷംകൊടുത്തു കൊല്ലുമെന്ന്  അയൽക്കാരൻ ഭീഷണിപ്പെടുത്തിയതായാണ് വീട്ടമ്മ പരാതിയിൽ പറയുന്നു. ആദ്യം ചത്ത പൂച്ചയെ കോട്ടൂളിയിലെ വെറ്ററിനറി ഡോക്ടറെ കാണിച്ചപ്പോഴാണ് വിഷം ഉള്ളിൽച്ചെന്നിരിക്കാൻ സാധ്യതയുണ്ടെന്നറിയുന്നത്.  മറ്റെല്ലാ പൂച്ചകളെയും കുഴിച്ചുമൂടിയതോടെ നാലാമത്തെ പൂച്ചയുടെ ജഡമാണ് പോസ്റ്റുമോർട്ടം ചെയ്തത്. രാസപരിശോധനയ്ക്കയച്ച സാംപിളിന്റെ ഫലം ലഭിച്ചാലേ മരണകാരണം അറിയാനാവൂ. 

മൃഗങ്ങളെ വ്രണപ്പെടുത്തുകയോ കൊല്ലപ്പെടുത്തുകയോ ചെയ്താലുള്ള ശിക്ഷ കേന്ദ്ര സർക്കാർ പരിഷ്കരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇനി മുതല്‍ 50 രൂപ പിഴ അടച്ചാല്‍ മതിയാവില്ല. അറുപതു വര്‍ഷം പഴക്കമുള്ള നിയമം ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. പുതിയ കരടു നിയമ പ്രകാരം ഏതെങ്കിലും ഒരു വ്യക്തിയോ സംഘടനയോ ഒരു മൃഗത്തിന്റെ മരണത്തിന് കാരണമായാല്‍ 75,000 രൂപയോ അല്ലെങ്കില്‍ മൃഗത്തിന്റെ വിലയുടെ മൂന്നിരട്ടിയോ പിഴയും, കൂടാതെ, അഞ്ച് വര്‍ഷം കഠിന തടവും അല്ലെങ്കില്‍ ഇവ രണ്ടും അനുഭവിക്കേണ്ടതായി വരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *