ന്യൂഡൽഹി: കർഷക സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിക്കാൻ 16 പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു. പാർലമെന്റിന്റെ ഇരുസഭകളുടെ സംയുക്ത സമ്മേളനത്തിൽ പ്രസിഡന്റ് രാം നാഥ് കോവിന്ദ് ജനുവരി 29 നാണ് പ്രസംഗിക്കുന്നത്.
കർഷകരുടെ ആവശ്യങ്ങളോട് മോദി സർക്കാർ ‘വിവേകശൂന്യ’മായാണ് പെരുമാറുന്നതെന്നും സർക്കാരിൻ്റെ പ്രതികരണങ്ങൾ ജനാധിപത്യവിരുദ്ധമാണെന്നും പ്രതിപക്ഷ പാർട്ടികൾ സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു. കർഷകരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും പ്രസ്താവനയിൽ പറയുന്നു.
ട്രാക്ടർ റാലിക്കിടെ ദില്ലിയിൽ നടന്ന അക്രമ സംഭവങ്ങളെക്കുറിച്ചും സംഭവങ്ങളിൽ കേന്ദ്രത്തിന്റെ പങ്കിനെക്കുറിച്ചും നിഷ്പക്ഷമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ആവശ്യപ്പെട്ടു.
സംയുക്ത പ്രസ്താവനയിൽ കോൺഗ്രസ്, എൻസിപി, ഡിഎംകെ, ശിവസേന, ആർജെഡി, സിപിഎം, ഐയുഎംഎൽ, പിഡിപി, എംഡിഎംകെ തുടങ്ങിയവരാണ് ഒപ്പിട്ടത്. മൂന്ന് കാർഷിക നിയമങ്ങൾ സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്ക് നേരെയുള്ള ആക്രമണമാണെന്നും ഭരണഘടനയുടെ ഫെഡറൽ മനോഭാവത്തെ ലംഘിക്കുന്നതാണെന്നും പ്രസ്താവനയിൽ പറയുന്നു.

