തിരുവനന്തപുരം: സോളാർ പീഡനക്കേസുകൾ സംസ്ഥാന സർക്കാർ സിബിഐയ്ക്ക് വിട്ടു. സോളാർ തട്ടിപ്പു കേസിലെ പരാതിക്കാരി നൽകിയ ബലാത്സംഗപരാതികളിലെ അന്വേഷണമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്. കോൺഗ്രസിലെ ഏറ്റവും ഉന്നത നേതാക്കൾക്കെതിരെയും ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനെതിരെയുമുള്ള ഏറ്റവും നിർണായകമായ കേസാണ് ഇപ്പോൾ സിബിഐയ്ക്ക് കൈമാറിയിരിക്കുന്നത്. ഉമ്മൻചാണ്ടി, കെ.സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.പി അനിൽകുമാർ, എ.പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായ പീഡനപ്പരാതികളെല്ലാമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്. പരാതിക്കാരി മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി വന്നിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് സോളാർ പീഡനക്കേസുകൾ സിബിഐയ്ക്ക് വിടുന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. വലിയ രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കാൻ സാധ്യതയുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇത് പ്രതിപക്ഷം വലിയ ആയുധമാക്കുമെന്ന കാര്യത്തിൽ സംശയമില്ല. ബിജെപിയും ഇത് ആരോപണങ്ങൾക്ക് കുന്തമുനയാക്കും. കേസ് മുൻനിർത്തി പ്രതിപക്ഷത്തിനെതിരെ ഭരണ പക്ഷം ആക്രമണം കടുപ്പിക്കുമെന്നും ഉറപ്പാണ്.

