കര്‍ഷക സമരത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന് ആർ എസ് എസ്

ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന ആവശ്യവുമായി ആര്‍.എസ്.എസ്. കര്‍ഷകരും കേന്ദ്ര സര്‍ക്കാരും ഇരു ധ്രുവങ്ങളില്‍ നില്‍ക്കാതെ ഒന്നിച്ചു നിന്നുകൊണ്ട് പ്രശ്‌നപരിഹാരത്തിനായി ശ്രമിക്കണമെന്നും ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു. പ്രതിഷേധത്തിന് വിഭാഗീയതയുടെ നിറം നല്‍കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ജോഷി പ്രതികരിച്ചു.

‘ഏത് പ്രതിഷേധമായാലും, അത് ഇങ്ങനെ നീണ്ടുപോകുന്നത് സമൂഹത്തിന് നല്ലതല്ല. പ്രതിഷേധം എത്രയും വേഗം അവസാനിക്കണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം.’ സുരേഷ് ജോഷി പറഞ്ഞു.

ചര്‍ച്ചയിലൂടെ എന്തെല്ലാം നേടിയെടുക്കാന്‍ സാധിക്കുമോ അത് സ്വീകരിക്കാന്‍ പ്രതിഷേധക്കാര്‍ തയ്യാറാകണം. എത്രത്തോളം കൂടുതല്‍ നല്‍കാനാകുമോ അത്രത്തോളം നല്‍കാന്‍ കഴിയുമോയെന്ന് സര്‍ക്കാരും ശ്രദ്ധിക്കണമെന്നും സുരേഷ് ജോഷി പറഞ്ഞു.

അതേസമയം പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചാല്‍ മാത്രമേ ചര്‍ച്ചക്ക് തയ്യാറാവുകയുള്ളൂവെന്ന കടുംപിടുത്തം കര്‍ഷകര്‍ അവസാനിപ്പിക്കണമെന്നും സുരേഷ് ജോഷി പറഞ്ഞു.

പ്രതിഷേധം അവസാനിപ്പിക്കാനായി കര്‍ഷകരുമായി നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ് ആര്‍.എസ്.എസിന്റെ നിലപാട്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് ആര്‍.എസ്.എസും ആവര്‍ത്തിച്ചെങ്കിലും പ്രതിഷേധത്തിന് പരിഹാരം കണ്ടേ തീരുവെന്ന നിര്‍ദേശം സര്‍ക്കാരിന് വെല്ലുവിളിയാകും.

കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ളവര്‍ തന്നെ പ്രതിഷേധക്കാരെ മാവോയിസ്റ്റുകളെന്നും ഖലിസ്ഥാനികളെന്നും വിളിക്കുന്നതിനെകുറിച്ചും സുരേഷ് ജോഷി പ്രതികരിച്ചു. പ്രതിഷേധത്തിന് വിഭാഗീയതയുടെ നിറം നല്‍കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അത് ശരിയല്ലെന്ന് പറഞ്ഞ സുരേഷ് ജോഷി പ്രതിഷേധത്തിന് പരിഹാരമുണ്ടാകരുതെന്ന് ആരെങ്കിലം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് അന്വേഷിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

അതിനിടെ പ്രശ്‌നപരിഹാരത്തിനായി സുപ്രീംകോടതി നിയമിച്ച വിദഗ്ധ സമിതിയുടെ ആദ്യയോഗം ബുധനാഴ്ച(20/01/21) ചേരും.

ഖലിസ്ഥാന്‍ സംഘടനകളില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചെന്ന് ആരോപിച്ച് കര്‍ഷക നേതാക്കള്‍ക്ക് നോട്ടീസ് അയച്ച ദേശീയ അന്വേഷണ ഏജന്‍സിയുടെ നടപടിക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിഷേധം അറിയിച്ചിരുന്നു. നോട്ടീസ് ലഭിച്ച ഒരു കര്‍ഷക നേതാവു പോലും ഏജന്‍സിക്ക് മുമ്പില്‍ ഹാജരാകില്ലെന്നും സംഘടന അറിയിച്ചു. കര്‍ഷക സമരത്തെ പൊളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പദ്ധതിയുടെ ഭാഗമാണിതെന്നും നേതാക്കള്‍ അറിയിച്ചിരുന്നു.

സമരം ശക്തമായിത്തന്നെ തുടരുമെന്നും റിപ്പബ്ലിക് ദിനത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ട്രാക്ടര്‍ റാലിയുമായി മുന്നോട്ട് പോകുമെന്നും കിസാന്‍ മോര്‍ച്ച വ്യക്തമാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →